കോന്നി : കോന്നിയെ ഇളക്കിമറിച്ച് നിയുക്ത എം.എൽ.എ കെ.യു. ജനീഷ് കുമാറിന്റെ റോഡ് ഷോ.

വിജയം ഉറപ്പിച്ച ശേഷം നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് കാൽനടയായായാണ് ജനീഷ് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയത്. ജില്ലാ വരണാധികരിയായ കളക്ടറുടെ മുന്നിൽ രേഖകളിൽ ഒപ്പിട്ടു നൽകിയ ശേഷം പുറത്തേക്ക് ഇറങ്ങിയ ജനീഷിനെ കണ്ട് അഭിവാദ്യം അർപ്പിക്കാനും സ്വീകരിക്കാനും നേതാക്കളുടെ നീണ്ട നിര ഉണ്ടായിരുന്നു. വിജയം ആഘോഷിക്കാൻ പ്രവർത്തകർ ചെങ്കടൽ പോലെ പുറത്ത് നിറഞ്ഞതോടെ തുറന്ന വാഹനം വോട്ടെണ്ണൽ കേന്ദ്രത്തിന്റെ കോമ്പൗണ്ടിലേക്ക് എത്തിച്ചു. ജനീഷിനൊപ്പം എം.എൽ.എമാരായ രാജു ഏബ്രഹാം, വീണാ ജോർജ്ജ്, എൽ.ഡി.എഫ് നേതാക്കളായ കെ. അനന്തഗോപൻ, എ.പി.ജയൻ, ആർ. സനൽ കുമാർ തുടങ്ങിയവരും വാഹനത്തിൽ കയറി. ജനസാഗരത്തിന് നടുവിലേക്ക് ഇറങ്ങിയ ജനീഷിനെ പുഷ്പാഭിഷേകം നടത്താനും പൊന്നാടയും രക്തഹാരങ്ങളും അണിയിക്കാനും പ്രവർത്തകർ മത്സരിച്ചു. തുടർന്ന് നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയിൽ കോന്നി ടൗണിലേക്ക് റോഡ് ഷോ ആരംഭിച്ചു. ചെണ്ട മേളങ്ങളും നാസിക് ഡോളും വിപ്ളവ ഗാനങ്ങളും പ്രവർത്തകരെ ആവേശത്തിന്റെ നെറുകയിൽ എത്തിച്ചു.നിയുക്ത എം.എൽ.എയെ കാണാൻ റോഡിന്റെ ഇരുവശവും പ്രവർത്തകരും അനുഭാവികളും നാട്ടുകാരും മനുഷ്യ മതിലുകളായതോടെ ഒരു മണിക്കൂറോളം എടുത്താണ് എലിയറയ്ക്കൽ നിന്നും കോന്നി ടൗണിൽ വരെ എത്താനായത്. റോഡിലുടനീളം വർണ്ണ കടലാസുകളും ചുമന്ന ഛായങ്ങളും വിതറിയിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും പ്രവർത്തകർ വിജയം ആഘോഷിച്ചു. കോന്നി ടൗണിൽ എത്തിയപ്പോൾ വൻ ജനാവലിയാണ് ഇവിടെയും ഉണ്ടായിരുന്നത്. എല്ലാവരെയും അഭിവാദ്യം ചെയ്ത ശേഷം ഇരുചക്രവാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയിൽ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. എല്ലായിടത്തും വൻ ജനാവലിയാണ് ഉണ്ടായിരുന്നത്.