കൊടുമൺ : മണ്ഡല മകരവിളക്ക് തീർത്ഥാടനം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ തീർത്ഥാടകർ ഏറെ ആശ്രയിക്കുന്ന പ്രധാന പാതയായ ഏഴംകുളം - കൈപ്പട്ടൂർ റോഡിന്റെ പുനർനിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പല ഭാഗങ്ങളിലായി റോഡിൽ രൂപപെട്ടിരിക്കുന്ന കുഴികളിൽ വീണ് നിരവധി യാത്രക്കാർക്കാണ് പരിക്കേറ്റത്. കൊടുമൺ,ഇടതിട്ട ഭാഗങ്ങളിൽ വാട്ടർ അതോറിറ്റി പൈപ്പ് ഇടുന്നതിനായി കുഴിച്ച ഭാഗങ്ങളിൽ മൂടിയിരുന്ന മണ്ണും മീറ്റലും മഴയത്ത് പൂർണമായും ഒലിച്ച് ഒരുവശം കനാൽ പോലെയായി. ഒരുവർഷം മുമ്പാണ് റോഡരികിൽ ജല അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിച്ചത്.പിന്നീട് മഴയത്ത് കുഴിയിലെ മണ്ണ് ഒലിച്ച് അപകടാവസ്ഥയിലായിട്ടും പി.ഡബ്ലുഡി അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല.വേനൽ കാലത്ത് പൊടിശല്യവും മഴ സമയത്ത് ചെളിയും കെട്ടി കിടക്കുന്നതു മൂലം ഇതു വഴിയുള്ള യാത്ര നരക തുല്യമാണ്. ക്വാറി അവശിഷ്ടങ്ങളും മണ്ണും കല്ലും റോഡിലേക്ക് ഒലിച്ചിറങ്ങിയിട്ടുണ്ട്. വഴി വിളക്കില്ലാത്തതിനാൽ കാൽനടയാത്രയും ദുഷ്കരമാണ്.
വെള്ളക്കെട്ടും വലിയ കുഴികളും
കാവുംപാട്ട് ക്ഷേത്രത്തിന് സമീപം വാഹനങ്ങളുടെ അടി തട്ടുന്ന രീതിയിൽ വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. വാഴവിള ഭാഗം, കൊടുമൺ സ്റ്റേഡിയത്തിന് മുൻ വശം എന്നിവടങ്ങളിൽ ചെറിയ മഴ പെയ്താൽ പോലും ദിവസങ്ങളോളം വെള്ളകെട്ട് രൂപപെടും. ഓടകൾ ഇല്ലാത്തതാണ് റോഡ് ഇത്തരത്തിൽ തകരാൻ കാരണം. താഴ്ന്ന പ്രദേശങ്ങളിൽ സമീപത്തെ പാടശേഖരങ്ങളിൽ നിന്ന് റോഡിലേക്ക് വെള്ളം കയറും. ഈ ഭാഗങ്ങളിൽ റോഡ് ഉയർത്തി പണിതാൽ മാത്രമേ ശാശ്വത പരിഹാരമാകുകയുള്ളു. കൊടുമൺ ജംഗ്ഷനിലുള്ള ഓടകൾ യഥാസമയം ശുചീകരിക്കാത്തതിനാൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നതും പതിവാണ്.
തീർത്ഥാടനകാലത്തിന് മുമ്പ് റോഡ് അടിയന്തരമായി പുനർ നിർമ്മിച്ച് ജനങ്ങളുടെ ദുരിതം ഒഴിവാക്കാൻ നടപടി സ്വീകരിക്കണം
സോമൻ പിള്ള
(യാത്രികൻ )
- ദിശാസൂചക ബോർഡുകളും കാട് കയറിയ നിലയിൽ
- ഓടകളില്ല, റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നു
-താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം റോഡിലേക്ക്
-അപകട മുന്നറിയിപ്പ് നൽകുന്നത് വീപ്പകൾ നിരത്തി വച്ച്