തിരുവല്ല: കർഷകർക്കും ഉരുക്കൾക്കും ഒരേ സമയം ഇൻഷുറൻസ് പരിരക്ഷ എന്ന ആശയത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഗോസമൃദ്ധി പ്ലസ് ഇൻഷുറൻസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് തിരുവല്ലയിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും. മഞ്ഞാടി പക്ഷിരോഗ നിർണയ കേന്ദ്രത്തിൽ മാത്യു ടി. തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ രാജുഎബ്രഹാം, ചിറ്റയം ഗോപകുമാർ, വീണാജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ കളക്ടർ പി.ബി.നൂഹ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എം.കെ.പ്രസാദ്, തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എലിസബത്ത് അബു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ജി.അംബികാദേവി തുടങ്ങിയവർ പങ്കെടുക്കും.
65000 രൂപ വിലയുള്ള ഒരു പശുവിനെ ഒരു വർഷത്തേക്ക് ഇൻഷുർ ചെയ്യാൻ പൊതുവിഭാഗത്തിൽപ്പെട്ട കർഷകർക്ക് 700 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 420 രൂപയുമാണ് ചെലവ്. 22 രൂപ പ്രീമിയത്തിൽ കർഷകർക്ക് രണ്ട് ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.