പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് പരസ്യവിഴുപ്പലക്കൽ കെ.പി.സി.സി ഇടപെട്ട് വിലക്കിയെങ്കിലും കോൺഗ്രസ് നേതാക്കൾക്കിടയിൽ അമർഷം പുകയുന്നു. ഡി.സി.സി പ്രസിഡന്റ് ബാബുജോർജിന്റെയും അടൂർ പ്രകാശിന്റെയും അനുയായികൾ സോഷ്യൽ മീഡിയയിൽ പരസ്പരം ആക്രമണം തുടരുകയാണ്.
പരസ്യ ഏറ്റുമുട്ടൽ ഒഴിവാക്കാൻ കെ.പി.സി.സി അച്ചടക്കവാളുമായി നേരത്തേ രംഗത്തിറങ്ങിയതിനാൽ ജില്ലയിലെ നേതാക്കൾ മൗനം പാലിക്കുകയാണ്. വോട്ടെണ്ണലിന്റെ തുടക്കമൊഴികെ ഒരു ഘട്ടത്തിലും യു.ഡി.എഫ് സ്ഥാനാർത്ഥി പി.മോഹൻരാജ് ലീഡ് ചെയ്യാതിരുന്നതിനെ തുടർന്ന് കാല് വാരൽ നടന്നെന്ന് ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് പ്രതികരിച്ചിരുന്നു. എന്നാൽ, വോട്ട് എണ്ണി തീരുന്നതിന് മുൻപേ അദ്ദേഹം അഭിപ്രായം മാറ്റിപ്പറഞ്ഞു. പരാജയം പാർട്ടി അംഗീകരിക്കുന്നുവെന്നും കാരണം പരിശോധിക്കുമെന്നും തിരുത്തി. തുടർന്നാണ് സോഷ്യൽ മീഡിയയിൽ രണ്ടാം നിര നേതാക്കൾ ഏറ്റുമുട്ടൽ തുടങ്ങിയത്. ബാബുജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഉൗഞ്ഞാലാടുന്ന ചിത്രവുമായാണ് എതിരാളികൾ രംഗത്തുവന്നത്. പിന്നാലെ, പി.ജെ.കുര്യനും ബാബുജോർജിന് പിന്തുണ പ്രഖ്യാപിച്ച് എതിർവിഭാഗം മുന്നോട്ടുവന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ പണി ചെയ്തയാളെ ഹീറോയാക്കുകയാണ് ചിലരെന്ന് ഒരു നേതാവ് അടൂർ പ്രകാശിനെതിരെ ഒളിയമ്പ് തൊടുത്തു.
ബാബു ജോർജിന്റെ നിലപാടാണ് ശരിയെന്നും സംഘടനയാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടതെന്നും വാദമുയർന്നു. തന്റെ ജൻമ സ്ഥലം ഉൾപ്പെട്ട സ്ഥലം ആയിട്ടും ബാബു ജോർജ് കോന്നിക്ക് അവകാശവാദമുന്നയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, എൻ.എസ്.എസ് പിന്തുണ പ്രതീക്ഷിച്ച് ഹിന്ദു ന്യൂനപക്ഷ വിഭാഗങ്ങളെ കോൺഗ്രസിൽ നിന്ന് അകറ്റിയതും കോന്നിയിലെ തോൽവിക്ക് കാരണമായെന്ന് ഒരു വിഭാഗം നേതാക്കൾ വിലയിരുത്തി. ഇൗഴവ വോട്ടുകളിൽ കൂടുതലും സി.പി.എമ്മിനാണെന്ന പ്രചാരണത്തിൽ വിശ്വസിച്ച് യു.ഡി.എഫ് നേതാക്കൾ എൻ.എസ്.എസിനു പിന്നാലെ പോയി. ഇതിന് തിരിച്ചടിയായി കോൺഗ്രസിലെ ഇൗഴവ വോട്ടുകൾ ജനീഷ്കുമാറിനും കെ.സുരേന്ദ്രനുമായി വിഭജിക്കപ്പെട്ടുവെന്ന് പ്രമുഖ നേതാവ് പറഞ്ഞു.
ഇൗഴവ വേട്ടുകൾ കൂടുതലുളള കോന്നിയിൽ അടൂർ പ്രകാശ് 2016ൽ 72,800 വോട്ടുകൾ നേടിയിരുന്നു. ഇത്തവണ പി.മോഹൻരാജിന് ലഭിച്ചത് 44,146 വോട്ടുകളാണ്. 28,654 വേട്ടുകളാണ് യു.ഡി.എഫിന് നഷ്ടപ്പട്ടത്.
അടൂർ പ്രകാശിനെ പിണക്കിയതും ഇടതുവലത് മുന്നണികളെ സഹായിക്കേണ്ടെന്ന ഒാർത്തഡോക്സ് സഭ നിലപാടിനെ തുടർന്ന് യു.ഡി.എഫിന് ലഭിക്കേണ്ട സഭാ വോട്ടുകൾ ചെയ്യാതിരുന്നതും തോൽവിയുടെ മറ്റ് കാരണങ്ങളായെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിൽ യുദ്ധം