pressmeet
konni

പത്തനംതിട്ട: കോന്നിയിലെ ജനങ്ങളെ ഒന്നായിക്കണ്ട് വികസനത്തിന് പ്രധാന്യം നൽകുമെന്ന് പുതിയ എം.എൽ.എ കെ.യു.ജനീഷ്കുമാർ. തിരഞ്ഞടുപ്പിൽ നടത്തിയ വ്യക്തിപരമായ കളളപ്രാചരണങ്ങൾ തനിക്ക് നേട്ടമായെന്നും എല്ലാ ജാതി,മത വിഭാഗങ്ങളുടെയും വോട്ട് ലഭിച്ചെന്നും ജനീഷ് കുമാർ പ്രസ് ക്ളബിൽ നടന്ന മുഖാമുഖത്തിൽ പറഞ്ഞു.

> എം.എൽ.എ എന്ന നിലയിൽ ആദ്യ പരിഗണന

മെഡിക്കൽ കോളേജ് നിർമാണം പൂർത്തിയാക്കും. ഇൗ സർക്കാരിന്റെ കാലത്ത് തന്നെ അത് ഉദ്ഘാടനം ചെയ്യണം. പുനലൂർ - മൂവാറ്റുപുഴ റോഡിന്റെ കോന്നി റീച്ചിന്റെ നിർമാണം വേഗത്തിലാക്കും. കോന്നി - അച്ചൻകോവിൽ റോഡ് വികസിപ്പിക്കണം. മണ്ഡലത്തിൽ തകർന്നു കിടക്കുന്ന നിരവധി റോഡുകൾ സർക്കാർ സഹായത്തോടെ പുനർനിർമിക്കണം. കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടും. കൃഷിയിടങ്ങളിലെ വന്യമൃഗശല്യം നേരിടാൻ മറ്റു സംസ്ഥാനങ്ങൾ സ്വീകരിച്ച മാർഗങ്ങൾ പഠിക്കും. എല്ലാ സഹായവും ചെയ്യാമെന്ന് വനംമന്ത്രി കെ.രാജു ഉറപ്പുനൽകിയിട്ടുണ്ട്. വന്യമൃഗങ്ങളെ തുരത്താൻ തണ്ണിത്തോട് പഞ്ചായത്ത് മാതൃകയായിട്ടെടുക്കും.

> പട്ടയ പ്രശ്നം

നേരത്തെ നൽകിയെന്ന് പറയുന്നത് പട്ടയമല്ല. പട്ടയം കിട്ടേണ്ട ഭൂമി പലതും കയ്യേറ്റ ഭൂമിയാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടു കൂടിയേ കയ്യേറ്റ ഭൂമിക്ക് പട്ടയം നൽകാനാകൂ. കൊടുത്തുവെന്ന് പറയുന്ന പട്ടയത്തിന് ഇൗ അനുമതി ലഭിച്ചിട്ടില്ല. വി.എസ് സർക്കാർ തുടങ്ങിയ സർവേ നടപടികൾ പൂർത്തിയാക്കിയ ശേഷം അർഹതയുളളവർക്ക് പട്ടയം നൽകും.

> വിജയവും കോൺഗ്രസിലെ കാലുവാരലും


അതവർ പറഞ്ഞോട്ടെ. എൽ.ഡി.എഫിന്റെ ചിട്ടയായ പ്രവർത്തനങ്ങളുടെ വിജയമാണിതെന്ന് കോന്നിയിലെ ജനങ്ങൾക്കറിയാം. ബൂത്ത് തലം മുതൽ ഞങ്ങൾ നേരത്തേ പ്രവർത്തനം തുടങ്ങിയിരുന്നു.

എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളാണ് ഞങ്ങൾ കോന്നിയിലെ ജനങ്ങൾക്കു മുൻപിൽ വിവരിച്ചത്. യു.ഡി.എഫിന്റെയും കേന്ദ്രസർക്കാരിന്റെയും ജനവിരുദ്ധ നയങ്ങൾ അവതരിപ്പിച്ചു. മുഖ്യമന്ത്രി മൂന്ന് ദിവസം മണ്ഡലത്തിൽ പ്രചാരണം നടത്തി. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും പലതവണയെത്തി.

> വ്യക്തിപരമായ ആക്രമണങ്ങൾ


യു.ഡി.എഫും ബി.ജെ.പിയും തനിക്കെതിരെ വീടുകൾ കയറി വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തി. ഞാൻ ശ്രീനാരായണ ഗുരുദേവനെ അപമാനിച്ചെന്ന് ഇൗഴവ വീടുകളിൽ കയറിപ്പറഞ്ഞു. മന്നത്ത് പത്മനാഭനെ അധിക്ഷേപിച്ചവനെന്ന് നായർ വീടുകളിൽ പറഞ്ഞു. ക്രിസ്ത്യാനികളെ ആക്രമിച്ചവനെന്ന് അവരുടെ വീടുകളിൽ പ്രചാരണം നടത്തി. എല്ലാം ജനങ്ങൾ തളളി. എതിർ സ്ഥാനാർത്ഥികൾക്കെതിരെ ഞങ്ങൾക്കും പറയാനുണ്ടായിരുന്നു. പക്ഷെ, സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ശബരിമല പറഞ്ഞിട്ട് ഏശുന്നില്ലെന്ന് കണ്ടപ്പോഴാണ് യു.ഡി.എഫും ബി.ജെ.പിയും വ്യക്തിപരമായ ആക്ഷേപങ്ങളുമായി രംഗത്തിറങ്ങിയത്. എനിക്കെതിരെ ക്രിമിനൽ കേസുണ്ടെന്നും പറഞ്ഞു പരത്തി. ഇരുന്നൂറിലേറെ കേസുളള കെ.സുരേന്ദ്രനാണ് എന്നെപ്പറ്റി ഇങ്ങനെ പറഞ്ഞത്. കേസുകൾ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

> മണ്ഡലത്തിലെ പരിചയം.

അവിചാരിതമായാണ് സ്ഥാനാർത്ഥിയായത്. യുവജന സംഘടനാ പ്രവർത്തനവുമായി ജില്ലയ്ക്ക് പുറത്തും പ്രവർത്തിക്കുന്നതിനിടെയാണ് സ്ഥാനാർത്ഥിയായത്. എന്നെ മണ്ഡലത്തിന് പരിചയപ്പെടുത്തിയത് മാദ്ധ്യമങ്ങളാണ്. അതിന് കടപ്പാടുണ്ട്.

ജനീഷ്കുമാറിന്റെ ഭാര്യ അനുമോളും മുഖാമുഖത്തിൽ പങ്കെടുത്തു. പ്രസ് ക്ളബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സാം ചെമ്പകത്തിൽ സംസാരിച്ചു.