office
ഓഫീസ്

കോന്നി: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ കുടിയേറ്റ കർഷകർ നിറഞ്ഞ പ്രതീക്ഷയിലാണ് ഓരോ തിരഞ്ഞെടുപ്പിലും പതിവായി കേൾക്കാറുള്ള പട്ടയ വിതരണം ഇത്തവണ യാഥാർത്ഥ്യമാകുമെന്ന വിശ്വാസത്തിലാണ് കർഷക കുടുംബങ്ങൾ. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാന സമയത്ത് കോന്നി താലൂക്കിലെ ചിറ്റാർ,സീതത്തോട്, തണ്ണിത്തോട്,കലഞ്ഞൂർ,അരുവാപ്പുലം,കോന്നി താഴം വില്ലേജുകളിലെ കുടിയേറ്റ കർഷകർക്ക് 1843 പട്ടയങ്ങൾ നൽകാനുള്ള നടപടികൾ പൂർത്തിയാക്കുകയും ഒട്ടേറെ പേർക്ക് പട്ടയം വിതരണം നടത്തുകയും ചെയ്തു. 4835 ഏക്കർ സ്ഥലത്തിനാണ് പട്ടയം നൽകാൻ തീരുമാനിച്ചത്.പിന്നീട് അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ ഇത് റദ്ദാക്കി. ഈ സ്ഥലങ്ങൾ വന ഭൂമിയാണന്നും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റ അനുമതിയില്ലന്നും ചൂണ്ടി കാട്ടിയാണിവ റദ്ദാക്കിയത്. എന്നാൽ ഇപ്പോൾ കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് വില്ലേജുകളിലെ കുടിയേറ്റ കർഷകർക്ക് പട്ടയം നൽകാൻ ഇടതു സർക്കാർ തീരുമാനമെടുത്തിരുന്നു. 4500 അപേക്ഷകളാണുള്ളത്. സർവേ നടപടികൾക്കായി 11 അംഗ ടീമിനെ നിയമിച്ച് കോന്നി താലൂക്കാഫിസിന്റെ മുകളിലത്തെ നിലയിൽ ഓഫീസും പ്രവർത്തനമാരംഭിച്ചിരുന്നു. 1977ന് മുമ്പുള്ള കുടിയേറ്റ കർഷകർക്കാണ് പട്ടയം നൽകുന്നത്. 1945 മുതൽ കർഷകരുടെ അധിനതയിലുള്ള സ്ഥലങ്ങളാണ് ഇവയിൽ മിക്കതും. ജില്ലയിലെ എല്ലാ മലയോര പട്ടയങ്ങളും വിതരണം ചെയ്യുന്നതിന് തിരുവനന്തപുരത്ത് റവന്യുമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തിരുന്നു. എങ്കിലും മലയോര നിവാസി കൂടിയായ കോന്നിയുടെ പുതിയ എം.എൽ.എയിൽ പ്രതീക്ഷയർപ്പിക്കുകയാണ് മലയോര മേഖലയിലെ കുടിയേറ്റ കർഷകർ.

അപേക്ഷ നൽകിയതായി ജില്ലാ ഭരണകൂടം

കോന്നി താലൂക്കിലെ റദ്ദാക്കിയ പട്ടയങ്ങൾ വീണ്ടും നൽകാൻ റവന്യു വകുപ്പ് തീരുമാനിച്ചതിനെ തുടർന്ന് കേന്ദ്ര ​ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷ നൽകിയതായി 'ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നുണ്ട്. വ്യക്തമായ നിർദേശങ്ങളില്ലാതെ വീണ്ടും പട്ടയം നൽകിയാൽ കിട്ടുന്നവർക്ക് പോക്കുവരവ് നടത്താൻ കഴിയില്ല. കോന്നിക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും, റാന്നിയിലും വിതരണം ചെയ്ത പട്ടയങ്ങൾ റദാക്കുകയോ, പുനപരിശോധിക്കുകയോ ചെയ്തിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്.

വർഷങ്ങളായി തങ്ങൾ കൃഷി ചെയ്തു കൊണ്ടിരുക്കുന്ന കൈവശഭൂമിക്ക് ഇത്തവണയെങ്കിലും പട്ടയം കിട്ടുമെന്ന പ്രതീക്ഷയിലാണ് മലയോര മേഖലയിലെ കർഷകർ

ശാമുവേൽ

(തണ്ണിത്തോട്ടിലെ കുടിയേറ്റ കർഷകൻ)