കോന്നി : കോന്നി - തണ്ണിത്തോട് റോഡിൽ ഓടികൊണ്ടിരുന്ന വാഹനത്തിൽ നിന്ന് ഓയിൽ ചോർന്നതിനെ തുടർന്ന് ഞള്ളൂരിൽ വാഹനങ്ങൾ അപകടത്തിൽ പെട്ടു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. തണ്ണിത്തോട് കോന്നി റോഡിൽ ഞള്ളൂർ ഇറക്കത്തിലായിരുന്നു ഓയിൽ ചോർന്നത്. അരക്കിലോമീറ്ററോളം ദൂരത്തിൽ ഓയിൽ റോഡിൽ വ്യാപിച്ചതോടെ നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ട് യാത്രക്കാർക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തണ്ണിത്തോട് ഭാഗത്ത് നിന്ന് വന്ന കാറും ഓയിലിൽ തെന്നി നിരങ്ങി നീങ്ങി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോന്നി ഫയർഫോഴ്‌സ് അധികൃതർ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ റോഡ് കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കോന്നി ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ സബാസ്റ്റ്യൻ ലോപ്പസ്,ലീഡിഗ് ഫയർമാൻ എ. സേതുനാഥപിള്ള, ഫയർമാൻമാരായ അജിഖാൻ, ബിജുമോൻ, ദില്ലു, അനീഷ്, ജിതിൻ, ബ്രോൺ തുടങ്ങിയവർ നേതൃത്വം നൽകി.