പത്തനംതിട്ട: ബൈക്ക് യാത്രക്കാർ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടുപിടിച്ച് പെറ്റിയടിക്കാൻ പൊലീസ് കാട്ടുന്ന ജാഗ്രത ബസ്, കാർ ഡ്രൈവർമാരോടില്ല. ഉണ്ടായിരുന്നെങ്കിൽ അടൂരിൽ രണ്ട് ദമ്പതികളും കുമ്പനാട്ട് അഞ്ച് യുവാക്കളും മരിച്ച ദാരുണമായ സംഭവം നടക്കില്ലായിരുന്നു. മദ്യപിച്ചും കഞ്ചാവ് വലിച്ചും ബസ് ഒാടിക്കുന്നവരുണ്ടെന്ന് പൊലീസിനും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും അറിയാം. തൊടില്ലെന്ന് മാത്രം. ബൈക്ക് യാത്രക്കാരെ ഒാടിച്ചിട്ട് പിടിച്ച് പരിശോധിക്കുകയും മദ്യപിച്ചിട്ടുണ്ടെങ്കിൽ പെറ്റിയടിക്കുകയും ചെയ്യും.
ബൈക്ക് യാത്രക്കാരെ തടഞ്ഞു നിറുത്തി മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതു പോലെ ബസ്, കാർ ഡ്രൈവർമാരെ പരിശോധിക്കാനും പൊലീസിനും മോട്ടോർ വാഹന വകുപ്പിനും അധികാരമുണ്ട്. ബസ് ഡ്രൈവർമാരെ പരിശോധിച്ചാൽ പൊല്ലാപ്പാകുമെന്നാണ് പൊലീസും മോട്ടോർ വാഹന വകുപ്പ് അധികൃതരും പറയുന്നത്. ബസ് ഒാടുന്ന റൂട്ടിൽ തടഞ്ഞു നിറുത്തി ഡ്രൈവർമാരെ പരിശോധിക്കാം. മദ്യപിച്ചിട്ടുണ്ടെങ്കിൽ പകരം ഡ്രൈവറെ ഏർപ്പാടാക്കി ബസ് റൂട്ട് പൂർത്തീകരിച്ചുവെന്ന് ഉറപ്പാക്കേണ്ടത് പരിശോധിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. പകരം ഡ്രൈവറെ പൊലീസോ ബസ് ഒാപ്പറേറ്റേഴ്സ് അസോസിയേഷനോ ഏർപ്പാടാക്കണം. മദ്യപിച്ച ഡ്രൈവറെ മാറ്റി ബസ് ഒാടിക്കാൻ പൊലീസ് ഡ്രൈവർമാർ തയ്യാറാവില്ല. ബസ് ഉടമകളെ അറിയിച്ചാൽ പകരം ഡ്രൈവർ ഇല്ലെന്ന മറുപടിയാകും ലഭിക്കുക. പരിശോധനയുടെ പേരിൽ ബസ് വഴിയിൽ നിറുത്തിയിട്ടാലും ട്രിപ്പ് മുടങ്ങിയാലും യാത്രക്കാരിൽ നിന്ന് പ്രതിഷേധമുയരുകയും ചെയ്യും.
കഴിഞ്ഞ മാസം രാത്രി എട്ട് മണിയോടെ കുമ്പനാട്ട് ബസിലേക്ക് ഇടിച്ചുകയറിയ കാറിൽ മദ്യക്കുപ്പികൾ കണ്ടെത്തിയിരുന്നു.
>>>
കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ആൽക്കോമീറ്റർ
ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് യാത്രക്കാർക്കോ മറ്റ് ജീവനക്കാർക്കോ സംശയം തോന്നിയാൽ പരിശോധിക്കാൻ കെ.എസ്. ആർ.ടി.സി ജില്ലാ ഡിപ്പോകളിൽ ആൽക്കോമീറ്ററുകളുണ്ട്. എന്നാൽ, സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇങ്ങനെയൊരു സംവിധാനമില്ല. പരിശോധനയ്ക്ക് ഡ്രൈവർമാർ തയ്യാറാവുകയുമില്ല.
>>
112ൽ വിളിക്കാം
ഡ്രൈർമാർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയാൽ പൊലീസ് ഹെൽപ്പ് ലൈനായ 112ലേക്ക് വിളിക്കാം. വിളിക്കുന്നവരുടെ നമ്പർ രഹസ്യമായി സൂക്ഷിക്കും. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി നടപടിയെടുക്കും.
>>
മദ്യപിച്ച് വാഹനമോടിച്ചാൽ 10000 രൂപ പിഴ
മദ്യപിച്ച് വാഹനമോടിച്ചെന്ന് തെളിഞ്ഞാൽ പുതിയ കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഡ്രൈവർ 10000രൂപ പിഴയടക്കണം. നേരത്തെ 2000രൂപയായിരുന്നു. ആദ്യം ആറ് മാസത്തേക്ക് ലൈസൻസ് റദ്ദാക്കും. വീണ്ടും പിടിക്കപ്പെട്ടൽ ഒരു വർഷത്തേക്ക് ലൈസൻസ് റദ്ദാക്കും.
>>
സർക്കാർ നടപടിയെടക്കണം
സ്വകാര്യ ബസുകളിലെ ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കണമെന്ന് ബസ് ഉടമകൾ പറയുന്നു. സ്വകാര്യ ബസ് സ്റ്റാൻഡിൽ പരിശോധന സംവിധാനം ഏർപ്പെടുത്തുന്നത് പ്രയാേഗികമല്ല. ഡ്രൈവർമാരെ വിളിച്ചു കൂട്ടി ബോധവൽക്കരണവും യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്ന് ക്ളാസ് കൊടുക്കുകയും വേണം.