1
പ്രാരംഭപ്രവർത്തനങ്ങൾ നടക്കുന്ന ചെട്ടായാരേത്ത് കടവ്

കടമ്പനാട്: ചെട്ടിയാരഴികത്ത് കടവിൽ കൂടി കൊല്ലത്തിന് പോകാനുള്ള പാലത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. കല്ലടയാറിനു കുറുകെ ഇപ്പോൾ പാലം വരുന്ന ജില്ലയിലെ ചെട്ടിയാരഴികത്ത് കടവിലും -കൊല്ലം ജില്ലയിലെ കുളക്കട താഴത്തു ഭാഗത്തുമാണ് അനുബന്ധ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിലെ റോഡുകൾക്ക് വീതികൂട്ടി പാലത്തിനോടു ചേർക്കുന്ന നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. 10.12 കോടി രൂപ മുടക്കി 130 മീറ്റർ നീളത്തിലും 11മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമ്മാണം. ആദ്യം 106.54 മീറ്റർ ഉയരമാണ് പാലത്തിന് ഉദ്ദേശിച്ചിരുന്നത്. എന്നാൽ 2018-ലെ പ്രളയത്തിൽ കല്ലടയാർ കരകവിഞ്ഞൊഴുകിയിരുന്നതിനാൽ ഉയരത്തിൽ വ്യത്യാസം വരുത്തണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. അന്ന് ജലനിരപ്പ് ഉയർന്നപ്പോൾ നിലവിൽ ഉദ്ദേശിച്ച ഉയരത്തിനടുത്തു വരെ തടിയും മാലിന്യങ്ങളും എത്തിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാലുള്ള അപകടം ഒഴിവാക്കാൻ 108.54 മീറ്റർ ഉയരം ആക്കാനാണ് തീരുമാനം. ഇതിനായി സർക്കാർ തലത്തിലെ സിസൈൻ വിഭാഗത്തിനെ സമീപിച്ചിരിക്കുകയാണ് കേരള റോഡ് ഫണ്ട് വിഭാഗം.

വർഷങ്ങളായുള്ള ആവശ്യം

വർഷങ്ങളായി രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം വരണമെന്നുള്ളത് മണ്ണടി കുളക്കട ഭാഗങ്ങളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ്.കടമ്പനാട് മണ്ണടി ഭാഗത്തുള്ളവർ കൊട്ടാരക്കര, കൊല്ലം ഭാഗത്തേക്കുപോകാൻ ഇപ്പോൾ ഏനാത്തെത്തിയാണ് പോകുന്നത്.

പാലം വരുന്നതൊടെ 20 കി.മീറ്റർ ലാഭിക്കാം എന്നതിലുപരി ഗ്രാമീണപ്രദേശങ്ങളുടെ വികസനത്തിനും പുതിയ ബസ് സർവീസുകൾക്കുമെല്ലാം തുടക്കമാകും. ജനങ്ങളുടെ വലിയ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.

ചിറ്റയം ഗോപകുമാർ

എം. എൽ.എ

-130 മീറ്റർ നീളത്തിലും 11 മീറ്റർ വീതി

-നിർമ്മാണത്തിന് 10.12 കോടി രൂപ