പത്തനംതിട്ട : വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തിയാൽ അത് തെളിയിക്കണമെങ്കിൽ മെഡിക്കൽ പരിശോധന മാത്രമാണ് മോട്ടോർ വാഹനവകുപ്പിന് ആശ്രയം. ബ്രീത്ത് അനലൈസർ പോലുമില്ലാതെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധനയ്ക്കിറങ്ങുന്നത്. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കാവശ്യമായ ഉപകരണങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെയും ഒന്നും ലഭിച്ചിട്ടില്ല.
റിഫ്ലക്ടർ ജാക്കറ്റ്, സ്പീഡ് റഡാർ, ബ്രീത്ത്ലൈസർ, ബാറ്റൺ ലൈറ്റ് എന്നിവയാണ് മോട്ടോർ വാഹന വകുപ്പിന് ആവശ്യമായ ഉപകരണങ്ങൾ.

വാഹന പരിശോധന നടത്താൻ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും ഒരേ പോലെ അധികാരമുണ്ടെങ്കിലും പൊലീസിന് എല്ലാ ഉപകരണങ്ങളും ലഭ്യമായതിനാൽ കേസെടുക്കാൻ എളുപ്പമാകും. എന്നാൽ മോട്ടോർ വാഹനവകുപ്പിന് ഇത് സാദ്ധ്യമല്ല.

ആറ് സ്‌ക്വാഡിന് രണ്ട് വാഹനം
മോട്ടോർ വാഹന വകുപ്പിന് ജില്ലയിൽ ആറ് സ്ക്വാഡ് ആണ് ഉള്ളത്.

ആറ് സ്‌ക്വാഡിനും കൂടി ആകെ രണ്ട് വാഹനമേ ഉള്ളു. ഇതുപയോഗിച്ചാണ് സ്ക്വാഡുകൾ പരിശോധനയ്ക്ക് ഇറങ്ങുക. ആറ് സ്ക്വാഡുകളിൽ ഒാരോ മോട്ടോർ വാഹന ഇൻസ്പെക്ടർമാരും 2 അസിസ്റ്റന്റ് ഇൻസ്പെക്ടർമാരുമാണുള്ളത്. ഇവരെ അടൂർ, തിരുവല്ല, പത്തനംതിട്ട ഭാഗങ്ങളിലേക്കായി പരിശോധനയ്ക്കയക്കുകയാണ് ചെയ്യുക. വാഹനം ഇല്ലാത്തതിനാൽ ഒരു സ്ക്വാഡ് പരിശോധന നടത്തി വന്നതിന് ശേഷമാണ് അടുത്ത സ്ക്വാഡ് പരിശോധനയ്ക്കിറങ്ങുക.

മോട്ടോർ വാഹന വകുപ്പ്, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ സേനകളിലെല്ലാം ജില്ലയിൽ ഇതു തന്നെയാണവസ്ഥ. ആവശ്യത്തിന് ഉപകരണങ്ങളോ ജീവനക്കാരോ എങ്ങും ഇല്ല.

മദ്യപിച്ചുള്ള ഡ്രൈവിംഗ്

(ജില്ലയിൽ)

ഒരു ദിവസം അപകടത്തിൽപ്പെടുന്നത് 5 പേർ

ഒരു മാസം മരിക്കുന്നത് : 5 പേർ