അടൂർ: മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് ഇടിച്ചു മരിച്ച യുവദമ്പതികളുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് നൂറനാട് മുതുകാട്ടുകര ശ്യാം നിവാസിൽ നടക്കും. നൂറനാട് മുതുകാട്ടുകര ശ്യാം ഭവനിൽ ഗോപാലകൃഷ്ണൻ - ശോഭന ദമ്പതികളുടെ മകൻ ശ്യാംകുമാർ (28), ശ്യാമിന്റെ ഭാര്യയും ഏഴംകുളം നെടുമൺ പുത്തൻപീടികയിൽ സത്യൻ - ഗിരിജ ദമ്പതികളുടെ മകളുമായ ശിൽപ്പ (26) എന്നിവരാണ് മരിച്ചത്.
അടൂർ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 10 മുതൽ മൃതദേഹങ്ങൾ നെടുമണ്ണിലെ കുടുംബ വീടായ പുത്തൻപീടികയിലും 12.30 മുതൽ ശ്യാമിന്റെ മുതുകാട്ടുകരയിലെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. വിദേശത്തുള്ള ബന്ധുക്കൾ എത്തുന്നതിനായാണ് സംസ്കാരം ഇന്നത്തേക്ക് മാറ്റിയത്. ശ്യാമിന്റെ സഹോദരി ശാന്തി, ശിൽപ്പയുടെ സഹോദരൻ അക്ഷയ്.
ശനിയാഴ്ച വൈകിട്ട് 3.15 നായിരുന്നു അപകടം. അടൂർ മാർക്കറ്റ് ജംഗ്ഷനിലുള്ള മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങി നടന്നു പോകുകയായിരുന്ന ദമ്പതികളെ പാഞ്ഞെത്തിയ സ്വകാര്യബസ് ഇടിച്ചിടുകയായിരുന്നു. ബസിനടിയിൽപ്പെട്ട ഇരുവരും സംഭവസ്ഥലത്ത് മരിച്ചു.
നടുക്കം മാറാതെ...
ഓർക്കാപ്പുറത്തുണ്ടായ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നെടുമൺ, മുതുകാട്ടുകര ഗ്രാമവാസികളും ബന്ധുക്കളും. സൗദിയിൽ ജോലി നോക്കി വരുന്ന ശ്യാം 15 ദിവസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. നെടുമണ്ണിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയാണ് ഇരുവരും മെഡിക്കൽ സ്റ്റോറിൽ കയറിയത്. മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ കൊല്ലുകടവ് കൃഷ്ണസദനത്തിൽ ഉല്ലാസിനെ (48) ഇന്നലെ അടൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസ് എടുത്തത്.