ചെങ്ങന്നൂർ: തിരക്കേറിയ ശാസ്താംപുറം മാർക്കറ്റ് റോഡിൽ നടപ്പാതയും റോഡും കൈയേറി അനധികൃത വ്യാപാരം നടത്തിയവരെ നഗരസഭ ഒഴിപ്പിച്ചു. ഓപ്പറേഷൻ ഫുട്പാത്ത് എന്ന പേരിൽ നടത്തിയ പരിശോധനയിൽ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ റവന്യൂ ഇൻസ്‌പെക്ടർ, ഹെൽത്ത് ഇൻസ്‌പെക്ടർ, സർക്കിൾ ഇൻസ്‌പെക്ടർ എന്നിവർ നേതൃത്വം കൊടുത്തു. പിടിച്ചെടുത്ത സാധനങ്ങൾ 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പിഴ ചുമത്തി. വരും ദിവസങ്ങളിലും ഒഴിപ്പിക്കൽ നടപടി തുടരും. റോഡുകൾക്ക് വീതികുറഞ്ഞ നഗരത്തിൽ നിരത്തുകൾ വ്യാപാരികളും വഴിയോര കച്ചവടക്കാരും കൈയേറിയതോടെ കാൽനടയാത്ര അപകടകരവും വാഹന ഗതാഗതം കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളം തടസപ്പെടുന്നതിനും കാരണമയിരുന്നു. വീതികുറഞ്ഞ ശാസ്താംപുറം മാർക്കറ്റ് റോഡിൽ വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റാത്ത വിധത്തിലും വഴിയാത്രക്കാർക്ക് നടക്കാൻ സാധിക്കാത്തവിധം റോഡുകൈയേറിയാണു കച്ചവടം നടത്തിയിരുന്നത്. ഇത്തരത്തിൽ വെളളാവൂർ ജംഗ്ഷന് സമീപം നടപ്പാതയിലേക്ക് ടാർപ്പോളിൽ ഷീറ്റ് ഇറക്കി കെട്ടാൻ ഉപയോഗിച്ച കമ്പി ബസിൽ സഞ്ചരിക്കുകയായിരുന്ന അങ്ങാടിക്കൽ സ്വദേശി അഞ്ജുവിന്റെ കണ്ണിൽ തുളച്ചു കയറിയിരുന്നു. ചങ്ങനാശേരിയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്ന അവർക്ക് ചികിത്സക്കായി ലക്ഷങ്ങൾ ചിലവായെങ്കിലും ഇവരുടെ കാഴ്ച തിരിച്ചു കിട്ടിയില്ല. മാത്രമല്ല അപകടം വരുത്തിവെച്ച കമ്പി ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കടയുടമ നടപ്പാതയിൽ നിന്നും മാറ്റാൻ തയാറായത്. ഇത് സംബന്ധിച്ച് കേരളകൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നടപ്പാത കൈയേറിയുളള വ്യാപരത്തിനെതിരെ പ്രതിഷേധം വ്യാപകമാകുമ്പോൾ നാമമാത്രമായി ഒഴുപ്പിക്കുന്ന കൈയ്യേറ്റങ്ങൾ ദിവസങ്ങൾക്കുളളിൽ തന്നെ തിരിച്ചുവരുന്ന കാഴ്ചയാണ് ചെങ്ങന്നൂരിൽ.