kandathiladimadavana-road
തകർന്നു കിടക്കുന്ന തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ കണ്ടത്തിൽപ്പടി- മാടവന റോഡ്

ചെങ്ങന്നൂർ: കണ്ടത്തിൽപ്പടി-മാടവന റോഡ് തകർന്നിട്ട് നാല് വർഷമായിട്ടും അധികൃതർക്ക് നിസംഗത. ചെളിക്കുളം പോലെ കിടക്കുന്ന റോഡിൽക്കൂടി യാത്ര ചെയ്താൽ നടുവൊടിയുമെന്ന് ഉറപ്പാണ്. സമരങ്ങളും നിവേദനങ്ങളുമെല്ലാം പലതവണ നൽകിയെങ്കിലും അധികൃതർ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ്. തിരുവൻവണ്ടൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലൂടെ കടന്നുപോകുന്ന കല്ലിശേരി കുത്തിയതോട് റോഡിനേയും പ്രാവിൻ കൂട് ഇരമല്ലിക്കര റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്. പഞ്ചായത്തിലെ 12-ാം വാർഡും പാണ്ടനാട് പഞ്ചായത്തിലെ മൂന്നാം വാർഡും കടന്നാണ് റോഡ് മാടവനയിലെത്തുക. മാമൂട്ടിൽപ്പടി വരെയാണ് അഞ്ചാം വാർഡിന്റെ അതിർത്തി. ഈ ഭാഗമാണ് റോഡ് പൂർണമായും തകർന്നു താറുമാറായത്. വിവിധ സ്‌കൂളുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് കുട്ടികളടക്കം നിരവധി ആളുകളാണ് ദിനംപ്രതി ഇതുവഴി യാത്രചെയ്യുന്നത്. ദിനംപ്രതി കാൽനട യാത്രക്കാരും സൈക്കിൾ യാത്രക്കാരുമായ വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ഈ കുഴിയിൽ വീണ് പരിക്കേൽക്കുന്നത്. 2016-17ൽ എം.സി റോഡ് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് വഹനങ്ങൾ ഇതുവഴിയാണ് കടത്തിവിട്ടത്. റോഡിന് താങ്ങാവുന്നതിലധികം ഭാരം കയറ്റിയ വാഹനങ്ങൾ തുടർച്ചയായി ഇതുവഴി കടന്നുപോയതോടെയാണ് റോഡ് തകരാൻ തുടങ്ങിയത്. പ്രളയത്തിൽ തകർന്ന മറ്റ് റോഡുകൾ പുനർനിർമ്മിച്ചപ്പോഴും ഈ റോഡിനെ അധികൃതർ അവഗണിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ നൽകിയ ഉറപ്പുകളെല്ലാം തന്നെ പാഴ് വാക്കായതോടെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ



റീ ടാറിംഗ് ജോലികൾക്കായി ജില്ലാ പഞ്ചായത്ത് പ്രോജക്ടിൽ നിന്നും 10 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 6 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. എന്നാൽ പെരുമാറ്റചട്ടം നിലനിന്നിരുന്നതിനാൽ ടെണ്ടർ നടപടികളിലേക്ക് കടക്കാനായില്ല. ഇലക്ഷൻ കഴിഞ്ഞതോടെ തുടർ നടപടികൾ വേഗത്തിലാക്കും.

ശ്രീവിദ്യ മാധവൻ

(ബ്ലോക്ക് പഞ്ചായത്ത് അംഗം)