പന്തളം: രഹസ്യമായി സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടി. അടൂർ പെരിങ്ങനാട് ചിറവരമ്പിൽ രാജനെ (52) അറസ്റ്റു ചെയ്തു. ഇയാളുടെ മകൻ അഖിൽ ഒളിവിലാണ്.
മുടിയൂർകോണം എം.ടി.എൽ.പി സ്‌കൂളിന് സമീപം വാടകയ്‌ക്കെടുത്ത വീടാണ് നിരോധിത ഉൽപ്പന്നങ്ങളുടെ ഗോഡൗണായി ഉപയോഗിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആന്റി നാർകോട്ടിക് ടീമാണ് പരിശോധന നടത്തിയത്. തമിഴ്‌നാട്ടിൽ നിന്ന് കച്ചിലോറിയിൽ എത്തിച്ചതാണ് ഉൽപ്പന്നങ്ങളെന്ന് പൊലീസ് പറഞ്ഞു. നാല്പതിനായിരം പായ്ക്കറ്റാണ് പിടികൂടിയത്. രാജനെ റിമാൻഡ് ചെയ്തു. പന്തളം എസ്.എച്ച്.ഒ ഇ.ഡി. ബിജു, ആന്റി നാർക്കോട്ടിക്ക് എസ്.ഐ രഞ്ജു ആർ.എസ്, ടീമംഗങ്ങളായ എ.എസ്.ഐ രാധാകൃഷ്ണൻ, വിത്സൻ, പന്തളം എസ്. ഐ.ശ്രീകുമാർ, എ.എസ്.ഐ സന്തോഷ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.