പത്തനംതിട്ട: സംസ്ഥാനത്ത് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചതിനാൽ ജില്ലയിൽ 31വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
തുലാവർഷവും ന്യൂനമർദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ജില്ലയിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ മഞ്ഞ അലെർട്ട് നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

പി .ബി.നൂഹ്,

ജില്ലാ കളക്ടർ


ജാഗ്രതാ പാലിക്കണം

കാലാവസ്ഥ ശക്തി പ്രാപിച്ചിരിക്കുന്നതിനാൽ മണിയാർ, ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഉയർത്തി അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടേണ്ട സാഹചര്യമുണ്ട്. ഇതുമൂലം പമ്പ, കക്കാട് നദികളിലെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ പ്രത്യേകിച്ച് മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും, പൊതുജനങ്ങളും ജാഗ്രതാ പാലിക്കേണ്ടതും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണ്.

1. ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് 10 വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാദ്ധ്യത ഉണ്ട്. ഇടിമിന്നൽ ചെറുക്കുവാനുള്ള മുൻകരുതൽ സ്വീകരിക്കണം.

2.പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാദ്ധ്യതയുള്ളതിനാൽ ഒരു കാരണവശാലും തോടുകളും പുഴയും മുറിച്ചു കടക്കരുത്.

3. മഞ്ഞ അലെർട്ട് പ്രഖ്യാപിച്ച വേളയിൽ വരും ദിവസങ്ങളിലെ മഴ സംബന്ധിച്ച അലെർട്ടുകൾ മാദ്ധ്യമങ്ങളിൽ ശ്രദ്ധയോടെ നിരീക്ഷിക്കുക.

4. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങളോ മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ കളക്ടറുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക.

കൺട്രോൾ റൂമുകൾ
കളക്ട്രേറ്റിലും താലൂക്കാഫീസുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്. പൊതുജനങ്ങൾക്ക് ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. കളക്ടറേറ്റ് ​: 0468 2322515/ 0468 2222515/ 8078808915, താലൂക്കാഫീസ് തിരുവല്ല : ​0469 2601303, കോഴഞ്ചേരി : ​04682222221, മല്ലപ്പളളി ​: 0469 2682293, അടൂർ​ : 04734 224826, റാന്നി​ : 04735 227442, കോന്നി : ​0468 2240087.