avanipara
ആവണിപ്പാറയിലെ ആദിവാസി കുടുബങ്ങൾ ( എം.എൽ.എ അറി​യാൻ)

കോന്നി: നിയോജക മണ്ഡലത്തിലെ വനമേഖലയായ ആവണിപ്പാറയിലെ ആദിവാസികളുടെ ദുരിത പൂർണമായ ജീവിതത്തിന് ഇനിയുമറുതിയായിട്ടില്ല.പരാധീനതകളോടും പ്രകൃതിയോടും ഒരേസമയം പോരാടേണ്ട ഗതികേടിലാണ് ഇവർ.അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിലുൾപ്പെടുന്ന ആവണിപ്പാറയിൽ 33 കുടുംബങ്ങളാണ് താമസിക്കുന്നത്.അച്ചൻകോവിലാറിന്റെ തീരത്ത് താമസിക്കുന്ന ഇവർ ഇപ്പോഴും ജീവിതത്തിന്റെ മറുകരയിലാണ്.വഴിയില്ല,വൈദ്യുതിയില്ല,തലചായ്ക്കാൻ അടച്ചുറപ്പുള്ള വീടില്ല. ഇവർക്ക് പുറം ലോകത്തെത്തണമെങ്കിൽ അച്ചൻകോവിലാർ കടക്കണം. നടപ്പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് 25 വർഷത്തെ പഴക്കമുണ്ട്.ഒന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ കാടിനെയും കാട്ടാറിനേയും ആശ്രയിച്ചു കഴിയുകയാണ് ഒരു ജനത.

പുഴയിലൂടെ സാഹസീക യാത്ര

മൂന്നു വശവും കാടും മുന്നിൽ പരന്നൊഴുകുന്ന കാട്ടാറും,കുട്ടികളെ തോളിലേറ്റി ആറ്റിലൂടെയുള്ള സാഹസീക യാത്ര ഭയപ്പെടുത്തുന്നതാണ്.ആകെയൊരു അംഗൻവാടി മാത്രം.കുട്ടികൾക്ക് സ്‌കൂളിലും, കോളേജിലും പോകണമെങ്കിൽ പുനലൂരും പത്തനാപുരത്തും നിന്ന് താമസിച്ച് പഠിക്കണം. ഇതുകൊണ്ട് പല കുട്ടികളും പഠനം ഉപേക്ഷിച്ചു. സ്‌കൂളിലും, കോളേജിലും പഠിക്കുന്ന 16 വിദ്യാർത്ഥികൾ ഇവിടെ ഇപ്പോഴുണ്ട്. അച്ചൻകോവിലാറിന് കുറുകെ വടംകെട്ടി ചങ്ങാടത്തിലാണിവർ മറുകര കടക്കുന്നത്. ഇവർക്കായി മുമ്പ് വനം വകുപ്പ് നൽകിയ വള്ളങ്ങൾ കാലപ്പഴക്കത്താൽ നശിച്ചു. വാർഡ് മെമ്പർ വാങ്ങി നൽകിയ ഫൈബർ വള്ളവും നശിച്ചു.രോഗികളെയും, പ്രായമായവരെയും മറുകരയിലെത്തിക്കുക ഏറെ ദുഷ്‌കരമാണ്. മലമ്പണ്ടാര വിഭാഗത്തിൽ പെടുന്ന ആദിവാസി കുടുംബങ്ങളാണ് ആവണിപ്പാറയിലേറെയും.

പാലം നി‌ർമ്മാണത്തിൽ തടസം

33 കുടുംബങ്ങളിലായി 64 വോട്ടർമാരാണിവിടെയുള്ളത് 29 പുരുഷ വോട്ടർമാരും, 35 സ്ത്രീ വോട്ടർമാരും.കഴിഞ്ഞ സർക്കാരിന്റെ അവസാന സമയത്ത് റവന്യുമന്ത്രിയായിരുന്ന അടൂർ പ്രകാശ് രണ്ട് കോടി രൂപ ചെലവിട്ട് ഇവിടെ പാലം നിർമ്മിക്കാൻ തറക്കല്ലിട്ടെങ്കിലും വനം വകുപ്പിന്റെ തടസവാദം മൂലം തുടർ നടപടികളുണ്ടായില്ല.അതേസമയം ആദിവാസികൾക്കായി പാലം നിർമ്മിക്കുന്നതിന് വനം വകുപ്പ് തടസം നിൽക്കില്ലെന്ന് മന്ത്രി കെ.രാജുവും പറയുന്നു. വന വിഭവങ്ങളായ ചെറു തേൻ, ഇഞ്ച, ഞൊടിയില, പൊന്നാമ്പൂ എന്നിവ ശേഖരിച്ചാണിവർ ഉപജീവന മാർഗം കണ്ടെത്തുന്നത്. പഞ്ചായത്ത് ആസ്ഥാനത്തെണമെങ്കിൽ 60 കിലോമീറ്റർ കാൽനടയായും വാഹനത്തിലും സഞ്ചരിക്കണം. ഈ ബുദ്ധിമുട്ട് മൂലം പല ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നുമില്ല.

-അരുവാപ്പുലം പഞ്ചായത്തിലെ 5-ാം വാർഡ്

-33 കുടുംബങ്ങൾ