കൊടുമൺ : പറക്കോട് ബ്ലോക്കിലെ ആദ്യ തരിശുരഹിത പഞ്ചായത്തായി മാറാനുള്ള തീവ്ര യജ്ഞ പരിപാടിയിലാണ് കൊടുമൺ പഞ്ചായത്ത്. കൃഷിഭവന്റെ നേതൃത്വത്തിൽ നിലങ്ങളുടെയും പുരയിടങ്ങളുടെയും സർവേ പൂർത്തിയാക്കുകയും കൃഷിയിറക്കാനുള്ള പ്രാരംഭ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.ഹരിത കേരള മിഷൻ ചലഞ്ച് 2020 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഏകോപിപ്പിക്കുന്നത്.കൃഷിഭവൻ, പഞ്ചായത്ത്, തൊഴിലുറപ്പ്,കുടുംബശ്രീ,പാടശേഖര സമിതികൾ, എന്നിവരുടെ നേതൃത്വത്തിലാണ് തരിശുഭൂമി കൃഷിയോഗ്യമാക്കുന്നത്.നിലവിൽ തൂമ്പാ മുഖം, മംഗലത്ത്, ചെറുകര,വെട്ടിക്കുളം,പെരുങ്കുളം,കോയിക്കൽപടി എന്നിവിടങ്ങളിലെ തരിശുനിലങ്ങൾ കൃഷി യോഗ്യമാക്കി യിട്ടുണ്ട്. ഒരുതവണ കൃഷിയോഗ്യമാക്കിയതും വിതച്ചതുമായ നിലങ്ങൾ മഴകാരണംവെള്ളക്കെട്ടായതും,വിത നശിച്ചു പോയതും കർഷകരെ ആശങ്കയിലാക്കി.കൃഷിഭവനിൽ നിന്നും സൗജന്യമായി വിത്തും സബ്സിഡിനിരക്കിൽ വളം,കുമ്മായം, കൂലിച്ചെലവ് എന്നിവ ലഭ്യമാക്കിയാണ് ഈ വർഷം 400 ഏക്കർ നിലങ്ങൾ കൃഷിയോഗ്യമാക്കാൻ ഒരുങ്ങുന്നത്.
കൃഷിക്കാർക്ക് താങ്ങായി കൃഷിവകുപ്പും ത്രിതലപഞ്ചായത്തും
2019-20 വർഷം ത്രിതലപഞ്ചായത്ത് സഹായത്തോടെ 39 ലക്ഷം രൂപയാണ് നെൽക്കൃഷിയുടെ വിത്തിനും വളത്തിനും കൂലി ചെലവിനുമായി വകയിരുത്തിയിരിക്കുന്നത്. ഇതോടൊപ്പം കൃഷി വകുപ്പിന്റെ തരിശുനിലം കൃഷി,സുസ്ഥിര കൃഷി വികസനം,രാഷ്ട്രീയ കൃഷി വികാസ് യോജന,കുമ്മായം വിതരണം ഉദ്പാദന ബോണസ്,എന്നീ പദ്ധതികളിലായി 28 ലക്ഷം രൂപയും വകയിരുത്തിയിരിക്കുന്നു. ഇങ്ങനെ ഈ വർഷം കൃഷി മേഖലയിൽ കൊടുമൺ പഞ്ചായത്തിൽ 67,30,000രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. നെല്ല് പൂർണമായും സപ്ലൈകോ മുഖാന്തരവും ഉത്തമ കാർഷിക മുറകൾ അനുസരിച്ച് ഉല്പാദിപ്പിക്കുന്ന രജിസ്റ്റർ ചെയ്ത കർഷകരുടെ നെല്ല് കൊടുമൺ റൈസിനായി കൊടുമൺ ഫാർമേഴ്സ് സൊസൈറ്റി കിലോയ്ക്ക് 26 രൂപ 90 പൈസയ്ക്ക് സംഭരിക്കും.
നെൽകൃഷി പൂർണമായി സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുന്നത് കാരണം വെള്ളപ്പൊക്കം, വരൾച്ച, കാട്ടുപന്നി എന്നിവയെക്കുറിച്ച് കർഷകർക്ക് ആശങ്ക വേണ്ട, സെന്റിന് ഒരു രൂപ മാത്രം നൽകി ഇൻഷുറൻസ് ചെയ്ത് നഷ്ടപരിഹാരം നൽകും, ഒരു ഹെക്ടറിന് 35,000 രൂപയാണ് ലഭിക്കുക.
എസ്.ആദില ( കൃഷിഓഫീസർ )
- പദ്ധതിഏകോപനം ഹരിത കേരള മിഷൻ ചലഞ്ച് 2020
-കൃഷി മേഖലയിൽ പഞ്ചായത്തിൽ 67,30,000രൂപ പദ്ധതി
-നെൽക്കൃഷിക്കായി 38 ലക്ഷം