private-bus
bus

അടൂർ: മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവർ വരുത്തിയ ദുരന്തത്തിൽ യുവദമ്പതികൾ മരിക്കാനിടയായ സംഭവത്തെ തുടർന്ന് പൊലീസ് വാഹന പരിശോധന തുടങ്ങിയെങ്കിലും നിയമ ലംഘനങ്ങൾക്ക് ഒരു കുറവുമില്ല. ഡിവൈ. എസ്.പി ജവഹർ ജനാർദ്ദിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം ഇന്നലെ അടൂർ സബ് ഡിവിഷന്റെ കീഴിലുള്ള മുഴുവൻ പൊലീസ് സ്റ്റേഷൻ പരിധിയിലും ഹൈവേ പൊലീസ് ഉൾപ്പെടെയുള്ള ടീം വാഹനങ്ങൾ പരിശോധിച്ചു. ഒട്ടുമിക്ക സ്വകാര്യ ബസുകളും എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തിയാണ് ഇപ്പോഴും സർവീസ് നടത്തുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒട്ടേറെ ജീവനുകളാണ് നിരത്തിൽ പൊലിഞ്ഞത്. ഒരു മാസം മുൻപ് കെ.പി റോഡിൽ മാരൂർ പുതുവൽ ജംഗ്ഷന് സമീപം മറ്റൊരു വാഹനത്തെ മറികടന്ന് അമിതവേഗതയിൽ വന്ന സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന്റെ ജീവൻ നഷ്ടമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച അടൂർ മാർക്കറ്റ് ജംഗ്ഷനിൽ നടന്നു പോയ യുവദമ്പതികളാണ് സ്വകാര്യ ബസിനടിയിൽപ്പെട്ടത്. കെ.എസ്.ആർ.ടി സി ബസുകളെ മറികടക്കാനുള്ള സ്വകാര്യ ബസുകളുടെ മത്സരമാണ് പലപ്പോഴും അപകടങ്ങൾ വരുത്തുന്നത്. അടൂർ - പത്തനാപുരം, അടൂർ - കായംകുളം, അടൂർ - പത്തനംതിട്ട, അടൂർ - ശാസ്താംകോട്ട റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പതിവുകാഴ്ചയാണ്. കെ.എസ്. ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ മാത്രമാണ് അതുവരെ കാത്ത് കിടക്കുന്ന സ്വകാര്യ ബസ് മുന്നോട്ട് പായുന്നത്. യാത്രക്കാർ കൈ കാണിച്ചാൽ നടുറോഡിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ബസ് നിറുത്തുന്നത് ഗതാഗത തടസത്തിനൊപ്പം പിന്നിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനും കാരണമാകുന്നു. മൊബൈലിൽ സംസാരിച്ചുകൊണ്ടു വാഹനം ഒാടിക്കുന്നതും സ്വകാര്യ ബസിലെ ഡ്രൈവർമാരാണ്. നിയമങ്ങൾ കാറ്റിൽ പറത്തിയാലും നടപടി ഉണ്ടാകില്ലെന്ന ഭയമില്ലായ്മയാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണം.

സ്വകാര്യ ബസുകളുടെ സർവീസുകൾ നിരീക്ഷിക്കും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും.

ജവഹർ ജനാർദ്ദ്

ഡിവൈ. എസ്. പി, അടൂർ.

സ്വകാര്യ ബസ് ഡ്രൈവർമാർക്ക് നിരത്തുകളിൽ എന്തുമാകാമെന്ന അവസ്ഥയാണുള്ളത്. ഇതിന് കടിഞ്ഞാണിടാൻ മോട്ടോർ വാഹന വകുപ്പിനും പൊലീസിനും കഴിയുന്നില്ല. ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത വേണം.

എസ്. ബിനു.

കൗൺസിലർ, അടൂർ നഗരസഭ

സ്വകാര്യ ബസുകാരെ കുറിച്ചുള്ള പരാതികൾ

അമിത വേഗവും മത്സരിച്ചുള്ള ഡ്രൈവിംഗും, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിംഗ്, വഴി മുടക്കി ബസ് നിറുത്തുക, വിദ്യാർത്ഥികളോടുള്ള മോശമായ പെരുമാറ്റം, ജോലിക്കിടെയുള്ള മദ്യപാനവും ലഹരി ഉപയോഗവും.

സ്കൂൾ വിദ്യാർത്ഥികളെ കയറ്റില്ല

പത്തനംതിട്ട: കാരംവേലി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാർക്ക് അയിത്തമാണ്. ബസിൽ കയറുന്ന വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുന്നതും ബസ് നിറുത്താതെ പോകുന്നതും പതിവായിരിക്കുന്നു. വൈകുന്നേരങ്ങളിൽ വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികളാണ് ഏറെയും കഷ്ടപ്പെടുന്നത്. ഇവിടുത്തെ സ്റ്റോപ്പിൽ സ്കൂൾ സമയങ്ങളിൽ പൊലീസിന്റെ സേവനം ആവശ്യമാണ്.