അടൂർ: യുവദമ്പതികളുടെ മരണത്തിന് കാരണക്കാരനായ ബസ് ഡ്രൈവറുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കാൻ ശുപാർശ ചെയ്തു കൊണ്ട് ജില്ലാ പൊലീസ് മേധാവി പത്തനംതിട്ട ആർ.ടി. ഒയ്ക്ക് റിപ്പോർട്ട് നൽകി. ബസ് ഡ്രൈവർ മാവേലിക്കര കൊല്ലകടവ് കൃഷ്ണസദനത്തിൽ ഉല്ലാസ് (48) റിമാൻഡിലാണ്. ഡ്രൈവറും കണ്ടക്ടറും മദ്യപിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കണ്ടക്ടർ സംഭവസ്ഥലത്തു നിന്ന് തന്ത്രപൂർവ്വം മുങ്ങി. ഇയാളെ സ്റ്റേഷനിൽ ഹാജരാക്കാൻ ബസ് ഉടമയ്ക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. മാവേലിക്കര - അടൂർ - മണ്ണടി റൂട്ടിലോടുന്ന മോർണിംഗ് സ്റ്റാർ ബസാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാർ മദ്യപിച്ച് വാഹനം ഓടിച്ചതു വഴി മനപൂർവ്വമല്ലാത്ത കുറ്റകരമായ നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.