പത്തനംതിട്ട : നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസ് ഞാനാണ് അച്ഛന് കൈമാറിയത്. - തണ്ണിത്തോട്ടിൽ ആത്മഹത്യചെയ്ത വ്യാപാരി ഡാനിയേലിന്റെ മകൻ ജോമച്ചൻ വേദനയോടെ പറഞ്ഞു. എല്ലാ ദിവസവും രാവിലെ ഞാൻ ഗോഡൗണിലെത്താറുണ്ട്. അവിടെ കുറച്ച് പണിക്കാരുണ്ട്. അവർക്ക് നിർദ്ദേശങ്ങൾ കൊടുത്തിട്ട് മടങ്ങുകയാണ് പതിവ്. ഇന്നലെ അച്ഛൻ ഗോഡൗണിലുണ്ടെന്നറിഞ്ഞ് ചെക്കിൽ ഒപ്പിടുവിക്കാൻ വേണ്ടിയാണ് ഞാൻ ചെന്നത്. അപ്പോഴാണ് കഴുത്തിൽ കുടുക്കിട്ട് പിടയുന്നത് കണ്ടത്. എന്ത് പ്രശ്നം ഉണ്ടെങ്കിലും പരിഹരിക്കാമായിരുന്നു.
. പക്ഷേ ഇങ്ങനെയായിത്തീരുമെന്ന് വിചാരിച്ചിരുന്നില്ല. എല്ലാ കാര്യത്തിലും കൃത്യമായ കണക്ക് കാണിക്കുന്നയാളാണ് അച്ഛൻ. നോട്ടീസിലുള്ളത് കണക്കിലില്ലാത്ത തുകയാണ്. നോട്ടീസ് ലഭിച്ചതിൽ പിന്നെ അച്ഛന് മാനസിക വിഷമം ഉണ്ടായിരുന്നു. ഇത്രയും തുക ഒരുമിച്ച് അടയ്ക്കണമല്ലോയെന്ന് ചിന്തിച്ചു കാണും.- ജോമച്ചൻ പറഞ്ഞു.
അതേസമയം സംഭവത്തിൽ ശക്തമായ സമരത്തിനൊരുങ്ങുകയാണ് വ്യാപാരികൾ.
വ്യാപാരികളിൽ പലർക്കും ലക്ഷക്കണക്കിന് രൂപയുടെ കുടിശിക അടക്കാൻ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണിതെന്നാണ് വാണിജ്യ വകുപ്പ് അവകാശപ്പെടുന്നത്. ജി.എസ്.ടി വരുന്നതിന് മുമ്പുളള അഞ്ച് വർഷത്തെ അക്കൗണ്ടുകൾ പുനഃപരിശോധിക്കാനെന്ന പേരിലാണ് നോട്ടീസ്.
ജി.എസ്.ടി നിലവിൽ വന്നപ്പോൾ മുൻ നികുതി നിയമങ്ങളെല്ലാം നിറുത്തലാക്കിയതാണ്. രാജ്യത്ത് നിലവിലില്ലാത്ത ഒരു നികുതി നിയമത്തിന്റെ പേരിലാണ് നോട്ടീസ് നൽകുന്നത്. കേരളമൊഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും വാറ്റ് നികുതിയുടെ പേരിലുള്ള എല്ലാ നടപടികളും അവസാനിപ്പിച്ചിരിക്കുമ്പോഴാണ് കേരളത്തിൽ മാത്രം ഇത്തരത്തിലുള്ള നോട്ടീസ് നൽകുന്നത്.- നേതാക്കൾ പറഞ്ഞു.