body

അടൂർ: പെയ്യാൻ വീർപ്പടക്കി നിന്ന മഴ മേഘങ്ങൾ പോലെയായിരുന്നു നെടുമൺ ഗ്രാമവാസികളൊന്നടങ്കം. സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ച യുവദമ്പതികളുടെ സംസ്കാര ചടങ്ങിനെത്തിയതായിരുന്നു അവർ. നെടുമൺ കിളിക്കോട് പുത്തൻപീടിക വീട്ടിലേക്ക് ആളുകൾ ഒഴുകുകയായിരുന്നു. ശനിയാഴ്ച അടൂർ മർക്കറ്റ് ജംഗ്ഷനിലുണ്ടായ അപകടത്തിലാണ് നൂറനാട്ട് മുതുകാട്ടുകര ശ്യാം ഭവനിൽ ശ്യാംകുമാറും (28), ഭാര്യ നെടുമൺ പുത്തൻപീടികയിൽ ശിൽപ്പ (26)യും മരിച്ചത്.

അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇന്നലെ രാവിലെ ഒൻപതേകാലോടെയാണ് ശിൽപ്പടെ വീട്ടിലേക്ക് കൊണ്ടുവന്നത്. നൂറനാട്ടെ ഭർതൃഗൃഹത്തിൽ നിന്ന് നെടുമണ്ണിലെ വീട്ടിലേക്ക് വരും എന്ന് ഫോണിൽ പറഞ്ഞ മകളേയും മരുമകനേയും കാത്തിരുന്ന മാതാപിതാക്കളും കുഞ്ഞനുജനും മൃതദേഹങ്ങൾ കണ്ട് പൊട്ടിക്കരഞ്ഞു. പിതാവ് സത്യനേയും മാതാവ് ഗിരിജയേയും ഇളയ സഹോദരൻ അക്ഷയിനേയും ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്ക് വാക്കുകളില്ലായിരുന്നു. ആന്റോ ആന്റണി എം.പി, അടൂർ നഗരസഭ അദ്ധ്യക്ഷ ഷൈനി ബോബി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത, നെടുമൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രസന്നകുമാർ, പി. മോഹൻരാജ്, പഴകുളം മധു, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ഡി. സജി തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു. പതിനൊന്നേമുക്കാലോടെ മൃതദേഹങ്ങൾ ശ്യാമിന്റെ കുടുംബ വീടായ മുതുകാട്ടുകര ശ്യാം നിവാസിലേക്ക് കൊണ്ടുപോയി. അടുത്തടുത്തായി തയ്യാറാക്കിയ ചിതകളിൽ വൈകിട്ട് മൂന്നരയോടെമൃതദേഹങ്ങൾ സംസ്കരിച്ചു.