acci

അടൂർ: നഗരമദ്ധ്യത്തിൽ കാറിടിച്ച് തെറിപ്പിച്ച സ്കൂട്ടർ യാത്രക്കാരി സ്കൂൾ ബസിലേക്ക് ഇടിച്ചു കയറിയെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു.തിങ്കളാഴ്ച്ച വൈകിട്ട് 5.10 ന് കെ.എസ്.ആർ.ടി.സി ജംഗ്ഷനിലായിരുന്നു അപകടം . സ്വകാര്യ ബാങ്കിലെ ജീവനക്കാരി നൂറനാട് പടനിലം വിഷ്ണുഭവനത്തിൽ ശ്രീപാർവതി (25)ക്കാണ് പരിക്കേറ്റത്. ശ്രീപാർവതി ഓടിച്ചിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ നിയന്ത്രണം വിട്ട് സ്കൂൾ ബസിൽ ഇടിച്ചുകയറി. അപകടത്തിന് കാരണമായ കാർ നിറുത്താതെ പോയി. യുവതിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബസിൽ കുട്ടികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.