adv-p-s-sreedharan-pillai
അഡ്വ. പി.എസ് ശ്രീധരൻപിളള വെണ്മണിയിലെ കുടുംബ വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങുന്നു.

ചെങ്ങന്നൂർ: ജൻമനാട്ടിലെ പ്രിയപ്പെട്ടവരെ കണ്ടും കുശലം പറഞ്ഞും നിയുക്ത മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള . ഇന്നലെ ചെങ്ങന്നൂരിലെത്തിയ അദ്ദേഹം കൊടുമണ്ണിലെ കുടുംബക്ഷേത്രത്തിലും വെണ്മണി ശാർങ്ങക്കാവ് ക്ഷേത്രത്തിലും ദർശനം നടത്തി. താൻ പഠിച്ച വെണ്മണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിയ ശ്രീധരൻപിള്ളയെ സ്വീകരിക്കാൻ നിരവധിപ്പേരുണ്ടായിരുന്നു. വിദ്യാർത്ഥികളുടെ അസംബ്ലിയിൽ പങ്കെടുത്ത് അദ്ദേഹം സംസാരിച്ചു. എത്ര ഉയരത്തിൽ പോയാലും ചവുട്ടിനിൽക്കുന്ന മണ്ണ് മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂൾ മാനേജർ ഫാ. വി.ടി. ജോസൻ, പ്രിൻസിപ്പൽ ജിജി മാത്യു സ്‌കറിയ, എച്ച്.എം. ബിനുമോൾ കോശി, പി.ടി.എ. പ്രസിഡന്റ് റോയി. കെ. കോശി എന്നിവർ പങ്കെടുത്തു.

പിന്നീട് കല്യാത്ര ദേവീക്ഷേത്രത്തിലെത്തിയപ്പോൾ കാത്തുനിന്ന മാദ്ധ്യമ പ്രവർത്തകരുമായി സംസാരിച്ചു. ആദർശത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ലെന്നും പാർട്ടി ഏൽപ്പിച്ച ദൗത്യങ്ങളെല്ലാം ഭംഗിയായി നിർവഹിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെ പഴയ പരിചയക്കാരുമായി കുശലം പറഞ്ഞു. വെണ്മണി വാര്യംമുറിയിലെ വീട്ടിലെത്തി അമ്മ ഭവാനിയമ്മയുടെ കാൽതൊട്ടു വണങ്ങി

ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമൻനായർ, ജില്ലാ പ്രസിഡന്റുമാരായ കെ. സോമൻ, അശോകൻ കുളനട, എൻ. ഹരി, ജനറൽ സെക്രട്ടറിമാരായ എം.വി. ഗോപകുമാർ, ഡി. അശ്വിനിദേവ്, പി.എസ്.പി. സംസ്ഥാന ചെയർമാൻ കെ.കെ. പൊന്നപ്പൻ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരാജ് ശ്രീവിലാസം, അനിൽ അമ്പാടി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.. വൈകിട്ട് ചെങ്ങന്നൂർ നഗരത്തിൽ നൽകിയ പൗരസ്വീകരണത്തിലും പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്..