പത്തനംതിട്ട: 27 ലക്ഷം രൂപ വാറ്ര് നികുതി അടയ്ക്കണമെന്ന് നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് തണ്ണിത്തോട്ടിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തിയ കടയടപ്പ് സമരം പൂർണം. മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് പ്രവർത്തിച്ചത്. ആത്മഹത്യ ചെയ്ത തണ്ണിത്തോട് കുന്നത്തുവീട്ടിൽ മത്തായി ഡാനിയേലിന്റെ മ്യതദേഹവും വഹിച്ച് വ്യാപാരികൾ കളക്ടറേറ്റ് മാർച്ച് നടത്തി.

ക്രിസ്ത്യൻ മെഡിക്കൽ ആശുപത്രി മോർച്ചറിയിൽ നിന്നെടുത്ത മ്യതദേഹവുമായി നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്ത വിലാപയാത്രയായാണ് കളക്ടറേറ്റിന് മുന്നിൽ എത്തിയത്.

ധർണയ്ക്ക് ശേഷം മ്യതദേഹം തണ്ണിത്തോട്ടിലെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് 12ന് തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ നടക്കും.

ആന്റോ ആന്റണി എം.പി കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ വ്യാപാരി സമൂഹത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണ് വ്യാപാരികൾ. അവർക്ക് യാതൊരു സഹായവും ചെയ്യാത്ത സർക്കാരാണ് അവരെ കൊള്ളയടിക്കുന്നത്. വ്യാപാരികൾക്ക് പലിശരഹിത വായ്പ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ അനങ്ങിയില്ല .സർക്കാർ ഖജനാവിന്റെ കറവപ്പശുവാണ് വ്യാപാരികളെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എ. ജെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി കെ. ഇ .മാത്യു, ട്രഷറർ കൂടൽ ശ്രീകുമാർ, നൗഷാദ് റാവുത്തർ ,കെ. ആർ. അജയകുമാർ എന്നിവർ സംസാരിച്ചു.