കോന്നി: നിയോജകമണ്ഡലത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കാട്ടുപന്നിശല്യം മൂലം നട്ടം തിരിയുകയാണ് കർഷകർ.വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ കാട്ടാനശല്യവും രൂക്ഷമാണ്. ജനങ്ങളുടെ പ്രധാന ജിവിതോപാധിയായ കാർഷിക മേഖലയിൽ വലിയ നഷ്ടമാണ് വരുത്തുന്നത്.കാട്ടാനകളും,കാട്ടുപന്നികളും ഇവിടുത്തെ മനുഷ്യ ജീവനും ഭീഷണി ഉയർത്തുന്നു. കാട്ടുപന്നികളുടെ ആക്രമണത്തിൽ പരുക്കേറ്റ് കഴിയുന്ന നിരവധി പേരുണ്ടിവിടെ. തണ്ണിത്തോട്,ചിറ്റാർ,സീതത്തോട്, കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്.ജനവാസ മേഖലകളിലെക്കിറങ്ങുന്ന കാട്ടുപന്നികൾ പൊന്തക്കാടുകളിൽ വാസമുറപ്പിച്ച് തിരികെ കാട്ടിലേക്ക് പോകാതെ രാത്രിയിൽ കൃഷിസ്ഥലങ്ങളിലേക്കിറങ്ങുന്നു.വനമേഖലയൊടു ചേർന്ന ജനവാസ മേഖലകളിൽ വനം വകുപ്പ് സ്ഥാപിച്ച സൗരോർജ വേലികൾ പലതും പ്രവർത്തന രഹിതമായിട്ട് വർഷങ്ങളായി. ജനവാസമേഖലകളിലെ വീടുകൾക്ക് സമീപത്ത് കാട്ടാനകളെത്തുന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നു. രാത്രി കൃഷിസ്ഥലങ്ങളിലെത്തുന്ന കാട്ടുപന്നികളും,കാട്ടാനകളും നേരം പുലർന്നാലും തിരികെ പോകാത്തത് രാവിലെത്തെ റബർ ടാപ്പിങ്ങും മുടങ്ങിയിരിക്കുകയാണ്.മരച്ചീനി,കാച്ചിൽ,ചേന,ചെറുകിഴങ്ങ് , വാഴ, തുടങ്ങിയ കാർഷിക വിളകളെല്ലാം ഇവ നശിപ്പിക്കുന്നു.പല പ്രദേശങ്ങളിലും കാട്ടു പോത്ത്, മ്ലാവ്, മലയണ്ണാൻ, കുരങ്ങ് എന്നിവയുടെ ശല്യവുണ്ട്.

നഷ്ട പരിഹാരം നൽകാൻ വനം വകുപ്പ് ബാദ്ധ്യസ്ഥർ

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കാർഷിക വിളകൾ നശിച്ചാലും, ആളുകൾക്ക് പരുക്കേറ്റാലും 1980 ലെ നിയമം അനുസരിച്ച് നഷ്ടപരിഹാരം നൽകാൻ വനം വകുപ്പ് ബാദ്ധ്യസ്ഥരാണ്. 2005 ലെ ഭേദഗതിയനുസരിച്ച് മരണത്തിന് 5 ലക്ഷം രൂപ വരെ ലഭിക്കും കന്നുകാലി, കൃഷി, വീട് എന്നിവയുടെ നാശത്തിന് യഥാർത്ഥ വിലയുടെ എഴുപത്തിയഞ്ച് ശതമാനം നഷ്ട പരിഹാരം ലഭിക്കും.എന്നാൽ ഇതിന്റെ അജ്ഞതയും,നൂലാമാലകളും കാരണം പല കർഷകരും നഷ്ട പരിഹാരത്തിന് അപേക്ഷിക്കാറില്ല.അശാസ്ത്രീയമായ വന പരിപാലനം മൂലം വനത്തിൽ ആവശ്യത്തിന് ഭക്ഷണം ലഭ്യമല്ലാതായി.തേക്കുതോട്ടങ്ങളിൽ തീർത്ത് വെട്ടു നടക്കുമ്പോൾ മൊട്ടക്കുന്നുകളാവും.കാട്ടുതീ യാണ് മറ്റൊരു പ്രശ്‌നം മുമ്പ് പുല്ലും വിറകും ശേഖരിക്കാൻ ആളുകൾ വനത്തിലേക്ക് പോകുമായിരുന്നു. പാചക വാതകത്തിന്റെ വരവോടെ ആളുകൾ വനത്തിൽ കയറാതെയായി.

വന്യമൃഗശല്യം മൂലം പല കർഷകരും കാർഷിക വൃത്തി ഉപേക്ഷിക്കുകയാണ്.

അരവിന്ദാക്ഷൻ

(കൊക്കാത്തോട്ടിലെ കുടിയേറ്റ കർഷകൻ)

-വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെട്ടാൽ 5 ലക്ഷം വരെ