തിരുവല്ല: സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവ് പൊലീസ് പിടിയിൽ.കുമ്പനാട് കരീലമുക്ക് മൈലാടുംപാറയിൽ മോനിച്ചനെ(45) യാണ് ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് നിന്നും ഷാഡോ പൊലീസ് സംഘം ചൊവ്വാഴ്ച രാവിലെ 11ന് പിടികൂടിയത്. 20 കഞ്ചാവ് പൊതികൾ ഇയാളുടെ സ്ക്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ കമ്പത്ത് നിന്നും കഞ്ചാവ് എത്തിച്ച് ചെറു പൊതികളാക്കി വിൽക്കുകയായിരുന്നെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നാട്ടുകാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ നീക്കമാണ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ ദിവസം ഇരവിപേരൂരിൽ കാർ തടഞ്ഞു നിറുത്തിയ കഞ്ചാവ് മാഫിയ കാറിൽ സഞ്ചരിച്ചിരുന്ന ദമ്പതികളെ ആക്രമിച്ചിരുന്നു. ഇതുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തിരുവല്ല ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ ബൈജുകുമാർ, എസ്.ഐ സുരേഷ്കുമാർ, ഷാഡോ ടീം അംഗങ്ങളായ എ.എസ്.ഐ ടി.ഡി ഹരികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ആർ. അജികുമാർ, സി.പി.ഒ സുജിത്ത്കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.