തിരുവല്ല: പത്തനംതിട്ട റവന്യൂ ജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഐ.ടി, പ്രവൃത്തി പരിചയമേള സമാപിച്ചു. 951 പോയിന്റ് നേടി കോന്നി ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. 947 പോയിന്റ് നേടി തിരുവല്ല രണ്ടാം സ്ഥാനവും, 754 പോയിന്റ് നേടി പത്തനംതിട്ട മൂന്നാം സ്ഥാനവും നേടി.
സ്കൂൾ തലത്തിൽ 263 പോയിന്റ് നേടിയ കോന്നി ഗവ.എച്ച്.എസ്.എസിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്. 243 പോയിന്റ് നേടി ബാലികാമഠം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 209 പോയന്റ് നേടി ഇരുവള്ളിപ്ര സെന്റ് തോമസ് എച്ച്.എസ്.എസ്.മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ.ശാന്തമ്മ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസർ പി.എസ് സിന്ധു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എ.ഇ.ഒ. പി.ആർ.പ്രസീന അദ്ധ്യക്ഷത വഹിച്ചു.