കോന്നി: കോന്നിയിലെ പ്രധാന പ്രശ്‌നം നഗരത്തിലെ ഗതാഗതക്കുരുക്കാണ്.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി പത്തനാപുരം റോഡ്, കോന്നി പത്തനംതിട്ട റോഡ് എന്നിവയും, കോന്നി തണ്ണിത്തോട് റോഡ്, കോന്നി ചന്ദനപ്പള്ളി റോഡ് എന്നിങ്ങനെ പ്രധാനപ്പെട്ട നാല് റോഡുകൾ സംഗമിക്കുന്നത് സെൻട്രൽ ജംഗ്ഷനിലാണ്. ഇവിടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 8:30മുതൽ 10:30വരെയും വൈകിട്ട് 3മുതൽ 5വരെയും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബുധൻ,ശനി തുടങ്ങിയ ചന്ത ദിവസങ്ങളിൽ ഇത് ഇരട്ടിയാകും.ശബരിമല സീസണിൽ പകൽ മുഴുവൻ ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്.സെൻട്രൽ ജംഗ്ഷൻ മുതൽ പോസ്റ്റാഫീസ് വരയും,മാർക്കറ്റ് ജംഗ്ഷൻ വരെയും,ചന്ദനപ്പള്ളി റോഡിൽ സിവിൽ സ്റ്റേഷൻ വരെയും പത്തനംതിട്ട റോഡിൽ കെ.എസ്.ആർ.ടി.സി.ഡിപ്പോ വരെയും ഇത് നീളും.
സമയം തെറ്റിച്ച് സ്വകാര്യ ബസുകൾ
പോസ്റ്റാഫീസ് റോഡിൽ തണ്ണിത്തോട്,കുമ്മണ്ണൂർ,അട്ടച്ചാക്കൽ ഭാഗങ്ങളിലേക്കുള്ള ബസുകൾ സമയത്തിനു മുൻപേഎത്തുന്നത് പതിവാണ്. സെൻട്രൽ ജംഗ്ഷന് സമീപത്ത് പാർക്കിംഗ് പെർമിറ്റില്ലാത്ത ഓടുന്ന ഓട്ടോറിക്ഷകളും പ്രശ്‌നം സൃഷ്ടിക്കുന്നു.കടകളിൽ സാധനങ്ങളിറക്കുന്ന ലോറികൾ പകൽ മുഴുവൻ റോഡരികിൽ നിറുത്തിയിടുന്നതും, വഴിയൊര കച്ചവടങ്ങളും ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്.ചന്ദനപ്പള്ളി റോഡിൽ സിവിൽ സ്റ്റേഷനിലും, പോസ്റ്റാഫീസ് റോഡിലുമാണ് പ്രധാന സർക്കാർ ഓഫീസുകൾ ഇവിടെയെത്തേണ്ടവർ ഇതു മൂലം ബുദ്ധിമുട്ടുന്നു.പഞ്ചായത്ത് ബസ് സ്റ്റാൻഡ് കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സ്റ്റേഷന് വിട്ടുകൊടുത്തതൊടെ സ്വകാര്യ ബസുകൾ റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. സെൻട്രൽ ജംഗ്ഷനിൽ ഒരു ഹോം ഗാർഡ് മാത്രമാണ് ഡ്യൂട്ടിക്കുള്ളത്. നാലു റോഡുകളിൽ നിന്നു വരുന്ന വാഹനങ്ങൾ നിയന്ത്രിക്കാനും കഴിയുന്നില്ല. ട്രാഫിക് പൊലീസിന്റെ സേവനവും ലഭ്യമല്ല. സെൻട്രൽ ജംഗ്ഷനിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചിട്ടും വേണ്ടത്ര പ്രയോജനമില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊലീസ്,പൊതുമരാമത്ത്,റവന്യു,മൊട്ടോർ വാഹന വകുപ്പുകളുടെ യോഗം ചേർന്ന് പലതവണ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ തീരുമാനമെടുത്തെങ്കിലും നടപ്പായില്ല. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ബൈപ്പാസ് നിർമ്മിക്കുന്നതിന് അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ ശ്രമിച്ചെങ്കിലും നടപ്പാക്കാനായില്ല.
-രാവിലെ 8:30 മുതൽ 10:30 വരെയും വൈകിട്ട് 3 മുതൽ 5 വരെയും
ഗതാഗതക്കുരുക്ക് രൂക്ഷം