ചെങ്ങന്നൂർ: തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനുള്ള എ.ബി.സി പദ്ധതിയ്ക്ക് നഗരത്തിൽ തുടക്കമായി.പെറ്റുപെരുകുന്ന തെരുവുനായ്ക്കൾ ജനങ്ങളുടെ ജീവന് ഭീഷണിയാകുകയും കഴിഞ്ഞ 10ന് സപീപ പഞ്ചായത്തായ മുളക്കുഴയിൽ തെരുവുനായെ കണ്ട് ഭയന്നോടിയ വൃദ്ധൻ ബൈക്ക് ഇടിച്ച് മരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ചെങ്ങന്നൂരിൽ സ്വകാര്യ വ്യക്തി ഹോട്ടലുളിലെ ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിച്ച് തെരുവുനായ്ക്കൾക്ക് നൽകി ഇവയ്ക്ക് വളരാനുളള സാഹചര്യവും ഒരുക്കിയിരുന്നു. ഇത് കേരള കൗമുദി വാർത്തയാക്കിയതോടെയാണ് എ.ബി.സി പദ്ധതി പ്രാവർത്തികമാക്കിയത്. തെരുവുനായ്ക്കളെ വന്ധീകരണം നടത്തി പിടിക്കുന്ന അതേ സ്ഥലത്തു തന്നെ തിരികെ വിടുന്ന പദ്ധതിയാണ് കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചത്. മൂന്നു പേരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് വല ഉയോഗിച്ച് അതിവേഗത്തിൽ തെരുവുനായ്ക്കളെ പിടികൂടുന്നത്. നായ്ക്കളെ പിടിക്കുന്ന സ്ഥലത്ത് വെച്ചു തന്നെ ജി.പി.എസ് കാമറ ഉയോഗിച്ച് ഫോട്ടോ എടുക്കും. നായ്ക്കൾ നിൽക്കുന്ന സ്ഥലവും, ആണോ പെണ്ണോ എന്നു തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കും. ഇത്തരത്തിലുള്ള വിവരങ്ങൾ റെക്കാർഡ് ചെയ്തു സൂക്ഷിക്കും. നായ്ക്കളെ കണിച്ചുകുളങ്ങരയിലെ മൃഗാശുപത്രിയിലെ പ്രത്യേകം ക്യാമ്പിനുകളിലായി സൂക്ഷിക്കും.ആദ്യ ദിവസം ഇവയ്ക്ക് ആഹാരം നൽകില്ല. തൊട്ടടുത്ത ദിവസം വന്ധീകരണ ശസ്ത്രക്രിയ നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ അവശ്യാനുസരണം ആഹാരവും, പേ വിഷബാധയക്കെതിരെയുള്ള കുത്തിവെയ്പ്പും മരുന്നും നൽകും. ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവ് പൂർണ്ണമായും ഉണങ്ങിയ ശേഷം നല്ല ആരോഗ്യസ്ഥിതിയിൽ മാത്രമേ ഇവയെ തിരിച്ചു എത്തിക്കുകയുള്ളൂ. വെറ്റിനറി സീനിയർ സർജൻ ഡോ.ജോർജിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച 6 ഡോക്ടർമാർ കൂടി അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയും തുടർ ചികിത്സയും നടത്തുന്നത്. ഊട്ടിയിലെ വേൾഡ് വൈൽഡ് വെറ്റിനറി സർവീസിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച പി.ഡി പ്രദീപ്, കെ.കെ.സജീവ് കുമാർ സഹായി കെ.ശ്യാംകുമാർ എന്നിവരാണ് ചെങ്ങന്നൂരിൽ തെരുവുനായ്ക്കളെ പിടികൂടുന്നത്.
വരും ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ പരമാവധി നായ്ക്കളെ പിടികൂടി എ.ബി.സി പ്രൊജക്ട് നടപ്പിലാക്കും.
(കെ.ഷിബുരാജൻ)
നഗരസഭാ ചെയർമാൻ
-പദ്ധതി നടപ്പിലാക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേന
- രാവിലെ 7 മുതൽ 10 വരെയാണ് തെരുവുനായ്ക്കളെ പിടിക്കുന്നത്
- ശസ്ത്രക്രിയക്ക് 6 ഡോക്ടർമാർ അടങ്ങിയ സംഘം