പത്തനംതിട്ട: തിരുവല്ല മാർ അത്തനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് കാമ്പസ് കമ്മ്യൂണിറ്റി റേഡിയോയുടെ (മാക്ഫാസ്റ്റ് റേഡിയോ) പത്താം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനം തിരുവല്ലയിലെ സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ 2 ന് വൈകിട്ട് 5 .30 ന് മാർ ബസേലിയോസ് കാർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. തിരുവല്ല അതിരൂപത അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവ് അബ്ദുൽ കരീം മുഖ്യസന്ദേശം നൽകും. റേഡിയോ മാക്ഫാസ്റ്റ് സ്ഥാപകൻ ഫാ. എബ്രഹാം മുളംമൂട്ടിലിനെ ആദരിക്കും. വാർഷികത്തോടനുബന്ധിച്ചു നടന്നു വരുന്ന മഹാലക്ഷ്മി വാനമ്പാടി സീസൺ ത്രീ മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയും സമ്മേളനത്തിനു ശേഷം നടക്കും. ചടങ്ങിൽ റേഡിയോ മാക്ഫാസ്റ്റ് മുൻ സ്റ്റേഷൻ ഡയറക്ടർ അന്തരിച്ച ഇല്ലത്തു വി. ജോർജ് മാത്യുവിന്റെ പേരിലുള്ള നിസ്വാർത്ഥ അവാർഡിന്റെ ഉദ്ഘാടനം മാത്യു. ടി തോമസ് എം .എൽ. എ നിർവഹിക്കും. അമ്പലപ്പുഴയിലെ ഗ്ലോബൽ റേഡിയോ പ്രക്ഷേപണം ചെയ്ത മരം ഒരു വരം എന്ന പരിപാടിക്കാണ് ഈ വർഷത്തെ അവാർഡ്. വിജയികൾക്ക് ഫലകവും ഇരുപത്തി അയ്യായിരം രൂപയും നൽകും. പ്രശസ്ത സിനിമ താരം അജു വർഗീസിനെയും സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന മറ്റു ഒൻപതു വ്യക്തികളെയും ആദരിക്കും.
ആന്റോ ആന്റണി എം.പി വാനമ്പാടി ഫിനാലെ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ , സംവിധായകൻ ബ്ലെസ്സി, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, തിരുവല്ല മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ .സലിം, ഇമാം കെ. ജെ സലിം സകാഫി, ഫാ. ചെറിയാൻ ജെ. കോട്ടയിൽ, ഫാ. തോമസ്‌കുട്ടി പതിനെട്ടിൽ എന്നിവർ സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ സ്റ്റേഷൻ ഡയറക്ടർ രമേശ് മാത്യു, കോളേജ് അഡ്മിനിസ്‌ട്രേറ്റർ പ്രൊഫ. വർഗീസ് സി. എബ്രഹാം , പ്രോഗ്രാം മാനേജർ സുമേഷ് ചുങ്കപ്പാറ എന്നിവർ പങ്കെടുത്തു.