പത്തനംതിട്ട : പത്തനംതിട്ട യൗവനം പിന്നിടുകയാണ്. ജില്ല രൂപീകൃതമായിട്ട് 37 വർഷം. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് വളരെ ദൂരം പിന്നിട്ടുവെന്ന് അവകാശപ്പെടുമ്പോഴും വികസനം എത്തിനോക്കാത്ത പ്രദേശങ്ങൾ ജില്ലയിൽ ഇപ്പോഴുമുണ്ട്. ടൂറിസത്തിനടക്കം അനന്ത സാദ്ധ്യതകൾ ഉണ്ടെങ്കിലും വേണ്ടതരത്തിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. രൂപീകൃതമായി വർഷങ്ങൾക്ക് ശേഷവും അവകാശപ്പെടാൻ വലിയ നേട്ടങ്ങളൊന്നും പത്തനംതിട്ടയ്ക്കില്ല. റിംഗ് റോഡ് മാത്രമാണ് ആകെയുള്ള വികസനം. തിരുവല്ല - കുമ്പഴ, പുനലൂർ - മൂവാറ്റുപുഴ, അടൂർ - പത്തനംതിട്ട റോഡുകൾ നാലുവരിയായെങ്കിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകൂ. ചില പദ്ധതികൾക്കായുള്ള കാത്തിരുപ്പ് തുടങ്ങിയിട്ടും വർഷങ്ങളായി.
ചരിത്രത്തിലൂടെ
സംസ്ഥാനത്തെ പതിമ്മൂന്നാമത്തെ ജില്ലയായ പത്തനംതിട്ട 1982 നവംബർ 1നാണ് നിലവിൽ വന്നത്. 1983 ജൂലായ് ഒന്നിനായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. 1980 ൽ കെ.കരുണാകരന് മുഖ്യമന്ത്രിയാവാൻ പിന്തുണ നൽകിയപ്പോൾ അന്നത്തെ പത്തനംതിട്ട എം.എൽ.എ കെ.കെ.നായർ ഒരു കാര്യം മാത്രമേ ചോദിച്ചുള്ളു. പത്തനംതിട്ടയെ ജില്ല ആക്കണം. കരുണാകരൻ വാക്കു പാലിക്കുകയും ചെയ്തു. അങ്ങനെ പത്തനംതിട്ട ജില്ല രൂപീകൃതമായി.
ടൂറിസം സാദ്ധ്യതകൾ
മലയോര മേഖലയായ ജില്ലയുടെ അനന്തമായ സാദ്ധ്യകളിലൊന്ന് ടൂറിസമാണ്. കോന്നി ആനക്കൂട്, അടവി ഇക്കോ ടൂറിസം , ഗവി ഇക്കോ ടൂറിസം, കാട്ടാത്തിപ്പാറ, ആറന്മുള കണ്ണാടി എന്നിവയാണ് പത്തനംതിട്ടയുടെ പ്രധാന ആകർഷണങ്ങൾ. പിൽഗ്രീം ടൂറിസത്തിൽപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശബരിമല ക്ഷേത്രം ജില്ലയിലാണ്. പുതിയ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.