തിരുവല്ല: പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഇന്നും നാളെയും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇന്നു മുതൽ തിരുവല്ല ഭാഗത്തേക്ക് പോകുന്ന ബസുകൾ പരുമല പന്നായി പാലത്തിനു മുമ്പായി നിറുത്തി യാത്രക്കാരെ കയറ്റിയിറക്കണം. മാവേലിക്കര ഭാഗത്തേക്കുള്ള ബസുകൾ, മാന്നാർ തൃക്കുരട്ടി ക്ഷേത്രഭാഗത്തു നിറുത്തണം. ടിപ്പർലോറികളും മറ്റു ചരക്കുവാഹനങ്ങളും മാന്നാർ ടൗൺ വഴിയുള്ള ഗതാഗതം ഒഴിവാക്കേണ്ടതാണ്. പരുമല ജംഗ്ഷൻ വഴി ടൂറിസ്റ്റു ബസുകൾ പള്ളിയിലേക്ക് കടത്തി വിടുന്നതല്ല. ചെങ്ങന്നൂർ, മാവേലിക്കര ഭാഗത്തുനിന്നും സ്റ്റോർ ജംഗ്ഷൻ വഴി വരുന്ന ടൂറിസ്റ്റു ബസുകൾ മാന്നാർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കിയും തിരുവല്ല ഭാഗത്തു നിന്നു വരുന്ന ടൂറിസ്റ്റു ബസുകൾ സൈക്കിൾമുക്ക് ഭാഗത്ത് ആളുകളെ ഇറക്കിയും തിരികെ പോകേണ്ടതാണ്. തിരക്കുള്ള പെരുന്നാൾ ദിനങ്ങളിൽ മാന്നാർ തൃക്കുരട്ടി ക്ഷേത്ര ഭാഗം മുതൽ പന്നായി പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനപാർക്കിംഗ് ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചു.