കോന്നി: അച്ചൻകോവിലാറ്റിലെ ചിറ്റൂർ കടവിലാരംഭിച്ച പാലത്തിന്റെ പണികൾ മുടങ്ങിയിട്ട് 3 വർഷം കഴിഞ്ഞു. 2016 ഫെബ്രുവരി 26നാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. റിവർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്ന് അനുവദിച്ച 2.50 കോടി രൂപ ചിലവിൽ നിർമ്മിതികേന്ദ്രത്തിന്റെ ചുമതലയിലാണ് പണികൾ ആരംഭിച്ചത്.ആദ്യം നിർമ്മാണത്തിലെ അപാകതയെ തുടർന്ന് പണികൾ നിറുത്തിവച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പണികളിൽ അപാകതയില്ലെന്ന് കണ്ടെത്തി. തുടർന്ന് ബിൽ മാറികിട്ടാനുള്ള തടസം മൂലം വീണ്ടും പണികൾ മുടങ്ങി. ഇതിനെ തുടർന്ന് അന്ന് എം.എൽ.എയായിരുന്ന അടൂർ പ്രകാശ് സർക്കാരുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. ബിൽ മാറാനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെ വീണ്ടും പണികൾ തുടങ്ങി. എന്നാൽ വീണ്ടും ബിൽ മാറാത്ത അവസ്ഥയുണ്ടായപ്പോൾ പണികൾ നിലച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്ന് കോന്നി വെട്ടൂർ കുമ്പഴ റോഡിലേക്ക് എത്തുന്ന പാലമാണിത്. അട്ടച്ചാക്കൽ ചിറ്റൂർ കരകളെ ബന്ധിപ്പിച്ച് കോന്നി പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്ന് ആറിനക്കരെ 18-ാം വാർഡിലേക്കാണ് പാലം വരുന്നത്. പാലം യാഥാർത്ഥ്യമായാൽ കോന്നി, മലയാലപ്പുഴ, പ്രമാടം, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും. കോന്നി ടൗണിലെ ഗതാഗത കുരുക്കിൽ പെടാതെ രണ്ടു പ്രദേശങ്ങളിലേക്ക് പോകാനും നിർദിഷ്ട മെഡിക്കൽ കോളേജിലേക്ക് എത്താനും കഴിയും.
പാലം പണി തുടങ്ങിയപ്പോൾ കടത്തും നിലച്ചും
വേനൽകാലത്ത് നദിയിലിറങ്ങി ആളുകൾ അക്കരെയിക്കരെ സഞ്ചരിക്കാറുണ്ട്. നദിയിൽ ജലനിരപ്പുയർന്നാൽ മുൻപ് കടത്തു വള്ളങ്ങളുണ്ടായിരുന്നു. പാലം പണി തുടങ്ങിയതോടെ കടത്തുവള്ളവും നിലച്ചു, ഇതോടെ കഴിഞ്ഞ മൂന്ന് വർഷങ്ങളായി ജനങ്ങൾ ദുരിതത്തിലായി. പാലം പണി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൗരസമിതി രൂപീകരിച്ചിരുന്നു.
-പാലം പണി മുടങ്ങിയിട്ട് 3 വർഷം
-നിർമ്മാണച്ചെലവ് 2.50 കോടി രൂപ
പാലം പണി പൂർത്തിയായാൽ അട്ടച്ചാക്കൽ, ചിറ്റൂർമുക്ക്, കിഴവള്ളൂർ, വെട്ടൂർ, കോന്നിതാഴം, ചെങ്ങറ, പയ്യന്നാമൺ, കിഴക്കുപുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദവും, ഒപ്പം കോന്നി ടൗണിലെ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരവുമാകും.
റോജി ഏബ്രഹാം
(കോന്നി ബ്ലോക്ക് പഞ്ചായത്തംഗം)