ഓച്ചിറ: ഓച്ചിറ ടൗണിൽ നിന്ന് 3കിലോമീറ്റർ ഉള്ളിലുള്ള ഓച്ചിറ സാമൂഹിക ആരോഗ്യകേന്ദ്രം പരാധീനതകൾ കൊണ്ട് വീർപ്പുമുട്ടുന്നു. കിടത്തിച്ചികിത്സയില്ല എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പോരായ്മ. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ആശുപത്രിയുടെ പ്രവർത്തന സമയം. ഏകദേശം രാവിലെ നാനൂറോളം രോഗികളും വൈകിട്ട് നൂറോളം രോഗികളും ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. രാവിലെ നാലും വൈകിട്ട് ഒരു ഡോക്ടറുടെ സേവനവുമാണ് ഇവിടെ ലഭിക്കുന്നത്. ഓച്ചിറ, തഴവ, കൃഷ്ണപുരം, വള്ളിക്കുന്നം എന്നീ പഞ്ചായത്തുകാർ ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്.
കെ.സി. വേണുഗോപാൽ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആയിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടമാണ് രോഗികളുടെ കാത്തിരുപ്പുകേന്ദ്രം. നിലവിൽ മൂന്ന് സ്റ്റാഫ് നഴ്സുമാരാണ് ഇവിടുള്ളത്. കാടുമൂടിയ ക്വോട്ടേഴ്സിൽ ജീവൻ പണയം വെച്ചാണ് ജീവനക്കാർ താമസിക്കുന്നത്. ഏഴോളം ക്വോട്ടേഴ്സുകളിൽ ഒരെണ്ണം പോലും
താമസയോഗ്യമല്ല. ക്വോട്ടേഴ്‌സിന്റെ ദുരവസ്ഥ മാറ്റണമെന്നാണ് ഇവിടെ താമസിക്കുന്നവരുടെ ആവശ്യം. സ്വകാര്യ ആശുപത്രിയെ ആശ്രയിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രദേശവാസികൾ പലപ്പോഴും അടിയന്തര വൈദ്യ സഹായത്തിന് കിലോമീറ്ററുകൾ അകലെയുള്ള കരുനാഗപ്പളി ഗവ. ആശുപത്രിയെയാണ് ആശ്രയിക്കേണ്ടി വരുന്നത്. ആശുപത്രിയിൽ ഇതുവരെ ഒരു സെക്യൂരിറ്റിയെ നിയമിച്ചിട്ടില്ല . അടിയന്തരമായി വൈദ്യസഹായം ലഭിക്കേണ്ട രോഗികൾക്ക് ആശ്രയമായി 108 ആബുലൻസ് സേവനം ലഭ്യമായതാണ് അടുത്തകാലത്ത് നടന്ന ഏക വികസനം. ഇവിടെ എത്തിച്ചേരാൻ ബസ് സർവീസ് ഇല്ല എന്നതാണ് നാട്ടുകാരെ വലയ്ക്കുന്ന മറ്റൊരു പ്രശ്നം.
ഞായറാഴ്ച എത്തിയത് 200 രോഗികൾ
ഞായറാഴ്ച ദിവസം രാവിലെ 9 മുതൽ 12 വരെ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച മാത്രം ഇരുന്നുറോളം രോഗികളാണ് ചികിത്സയ്ക്കായി ഇവിടെ എത്തിച്ചേർന്നത്. ഞായറാഴ്ച്ചകളിൽ മറ്റ് സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
ഞായറാഴ്ച ദിവസങ്ങളിൽ ഒരു ഡോക്ടർക്ക് ചികിത്സിക്കാൻ കഴിയുന്നതിലും കൂടുതൽ രോഗികളാണ് ഇവിടെ എത്തിച്ചേരുന്നത്. ഞായറാഴ്ചകളിൽ രണ്ടാമത് ഒരു ഡോക്ടറുടെ സേവനം കൂടി എത്രയും പെട്ടെന്ന് ലഭ്യമാക്കണം.
വിഷ്ണുദേവ്-സാമൂഹ്യ പ്രവർത്തകൻ
500ൽ അധികം രോഗികളാണ് ശരാശരി ഒരു ദിവസം ചികിത്സ തേടിയെത്തുന്നത്