പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം അവതാളത്തിൽ. ആവശ്യത്തിന് സൗകര്യങ്ങൾ ഉണ്ടായിട്ടും ജീവനക്കാരുടെ അഭാവം മൂലം കിടത്തി ചികിത്സ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. കാപ്പിൽ, തെക്കുംഭാഗം, പരവൂർ, ഊന്നിൻമൂട്, പുത്തൻകുളം, ഭൂതക്കുളം, നെല്ലേറ്റിൽ, ഇടയാടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ദിവസേന നൂറോളം രോഗികളാണ് കലയ്ക്കോട് സി.എച്ച്.സിയെ ആശ്രയിക്കുന്നത്.
ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് കലയ്ക്കോട് സി.എച്ച്.സി സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ ശസ്ത്രക്രിയാ വിദഗ്ദ്ധരും ഫിസിഷ്യൻമാരും ഉൾപ്പെടെ നിരവധി പേർ ഇവിടെയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ ഇപ്പോൾ ഒരു ഡോക്ടറും ഒരു സ്റ്റാഫ് നഴ്സും മാത്രമാണ് ഇത്രയേറെ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ ഇവിടെയുള്ളത്. രാവിലെ എട്ട് മുതൽ പത്ത് വരെയാണ് നിലവിൽ കൺസൾട്ടേഷൻ ഉള്ളത്. ആകെയുള്ള ഒരു ഡോക്ടർക്ക് മറ്റ് ഹെൽത്ത് സെന്ററുകളിലും പോകേണ്ട സാഹചര്യമുള്ളതിനാലാണ് കൺസൾട്ടേഷൻ സമയം ചുരുക്കിയതെന്നാണ് അധികൃതരുടെ വാദം.
ഇതിനിടെ മൂന്ന് ഡോക്ടർമാരെ ഇവിടെ നിയമിച്ചെങ്കിലും പിന്നീട് ഒരാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും ഒരാളെ പൊഴിക്കര പി.എച്ച്.സിയിലേക്കും മാറ്റുകയും ചെയ്തു.
ജീവനക്കാരുടെ കുറവ് പരിഹരിക്കണം
ആശുപത്രിയിൽ വേണ്ടത്ര ജീവനക്കാരില്ല. രോഗികൾ ഉച്ചക്ക് ഒരു മണിവരെ കാത്തുനിന്ന ശേഷം മടങ്ങേണ്ട അവസ്ഥയാണ്. ആവശ്യത്തിന് സൗകര്യങ്ങൾ ഉണ്ടായിട്ടും നിരവധി പേരുടെ ആശ്രയമായ സി.എച്ച്.സിയുടെ പ്രവർത്തനം ഇവിടെ നിന്ന് മാറ്റാൻ ശ്രമം നടക്കുന്നുണ്ട്.
ഫിറോസ്‌കുമാർ, സെക്രട്ടറി,
കലയ്‌ക്കോട് ഗാന്ധി സ്‌മാരക ഗ്രന്ഥശാല