പായിക്കുഴികരയുടെ പതിനൊന്നരയടി ഉയരമുള്ള ഇടംപിരി വലംപിരി വാരനാട് കൊമ്പന് മിനുക്കുപണികൾ നടത്തുന്നു
ഓച്ചിറ: ശിൽപ്പകലയുടെയും മെയ്ക്കരുത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമായ ഓണാട്ടുകരക്കാരുടെ 28ാം ഓണമഹോത്സവം ഈ മാസം 8ന് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ അരങ്ങേറും. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾ ഉൾക്കൊള്ളുന്ന ഓണാട്ടുകരയിലെ 52 കരകളിൽ നിന്നായി ഇരുനൂറോളം കെട്ടുകാളകളാണ് ഉത്സവത്തിൽ അണിനിരക്കുന്നത്. സമൃദ്ധമായ വിളവെടുപ്പിന് തങ്ങളെ സഹായിച്ച ഉഴവ് കാളകൾക്കും ദേശത്തിന്റെ കാവലാളായ പരബ്രഹ്മത്തിനും നന്ദി അറിയിച്ചുകൊണ്ട് ഒരുജോടി കെട്ടുകാളകളുടെ രൂപം തടിയിൽ നിർമ്മിച്ച് കച്ചിയിൽ പൊതിഞ്ഞ് ഓണം കഴിഞ്ഞു വരുന്ന അടുത്ത തിരുവോണദിവസം ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ എത്തിക്കുന്നതാണ് 28ാം ഓണമഹോത്സവം.
കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്തവിധം ഭീമാകാരങ്ങളായ കെട്ടുകാളകളെയാണ് കരക്കാർ ക്ഷേത്രത്തിൽ അണിനിരത്തുന്നത്. കെട്ടുകാളയുടെ ശിരസ് നിർമ്മിക്കുന്നത് പാല, ഉൗറാവ് തുടങ്ങിയ തടികളിലാണ്. മാമ്പ്രക്കന്നേൽ യുവജനസമിതി അണിയിച്ചൊരുക്കുന്ന ഏറ്റവും വലിയ കെട്ടുകാളയായ ഓണാട്ടുകതിരവന്റെ ഉയരം 56 അടിയും ശിരസ്സിന്റെ മാത്രം നീളം പതിനാലര അടിയുമാണ്. പ്രശസ്ത ശിൽപ്പികളായ പരേതനായ ചുനക്കര രാജനും പരേതനായ പുലിമേൽ വിജയനാചാരിയുമാണ് പരബ്രഹ്മസന്നിധിയിൽ എത്തിച്ചേരുന്ന ഭൂരിപക്ഷം കെട്ടുകാളകളുടേയും ശിരസ് നിർമ്മിച്ചിരിക്കുന്നത്. പ്രജിത് വടക്കുംതലയും പുലിമേൽ വിഷ്ണുവിജയനുമാണ് ഇപ്പോഴത്തെ ശിൽപ്പികളിൽ പ്രമുഖർ. ചങ്ങൻകുളങ്ങര പൗരസമിതി, മേമനകര, തെക്ക് കൊച്ചുമുറി കെട്ടുത്സവസമിതി, പായിക്കുഴി കര, പായിക്കുഴി വലിയകുളങ്ങര പൗരസമിതി, കൃഷ്ണപുരം കര, പുതുപ്പള്ളി കര, മേമന യുവജനസമിതി, ഇടയമ്പലം പൗരസമിതി, കൊറ്റമ്പള്ളികര, മാതൃകസമിതി കൊച്ചുമുറി, വരവിള കൈലാസം, ഞക്കനാൽ പടിഞ്ഞാറ് സമിതി എന്നിവയാണ് അമ്പത് അടിയിൽ കൂടുതൽ ഉയരമുള്ള കെട്ടുകാളകളെ എഴുന്നെള്ളിക്കുന്ന പ്രധാന സമിതികൾ. തിരുവോണദിവസം രാവിലെ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടുകൂടി കെട്ടുകാളകളെ പരബ്രഹ്മസന്നിധിയിലേക്ക് ആനയിക്കും.
കെട്ടുകാളകൾ ഒരുങ്ങുന്നു
കെട്ടുകാളകളുടെ നിർമ്മാണം അവസാനഘട്ടത്തിലേക്ക് കടന്നു. കെട്ടുകാളകളുടെ ഉടലും തലയും സ്വന്തമായുള്ള കരക്കാരും സമിതികളും കാളകെട്ട് നിർമ്മാണത്തിന്റെ അവസാനമിനുക്കുപണിയിലാണ്. ചുവപ്പ്, വെള്ള നിറത്തിലാണ് കെട്ടുകാളകളെ അണിയിച്ചൊരുക്കുന്നത്. ശിവപാർവതി സങ്കൽപ്പത്തിലാണ് കെട്ടുകാളകളെ നിർമ്മിച്ചിരിക്കുന്നത്. ഇടതുവശത്തെ വെള്ളകാള പരമശിവനെയും വലതുവശമുള്ള ചുവപ്പ് കാള പാർവ്വതിയെയും സങ്കൽപ്പിച്ചാണ് അണിയിച്ചൊരുക്കുന്നത്. കാളകെട്ട് നിർമ്മാണം പൂർത്തിയായാൽ ശിരസും നെറ്റിപ്പട്ടവും വഹിച്ചുകൊണ്ടുകൊണ്ടുള്ള ഘോഷയാത്ര കരകളിൽ നടക്കും. അലങ്കരിച്ച ഋഷഭവീരന്മാരുടെയും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടുകൂടിയാണ് ദേശഘോഷയാത്ര നടത്തുന്നത്.