കരുനാഗപ്പള്ളി: സീനിയർ ജേർണലിസ്റ്റ് യൂണിയൻ, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികം കരുനാഗപ്പള്ളി താലൂക്കിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗാന്ധിയൻ ഭക്ഷണ രീതിയെ പരിചയപ്പെടുത്തുന്ന പ്രകൃതി ഭക്ഷണമൊരുക്കലും പരിശീലനവും അനുസ്മരണ പരിപാടിയിലെ പ്രധാന ഇനമാണ്. കരുനാഗപ്പള്ളി താലൂക്കിലെ ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് 100 കേന്ദ്രങ്ങളിൽ ഗാന്ധിസ്മൃതി സദസുകൾ, പ്രഭാഷണങ്ങൾ, പ്രകൃതിജീവന ക്യാമ്പുകൾ, ഗാന്ധി ക്വിസ് മത്സരങ്ങൾ, ഫിലാറ്റെലിക് പ്രദർശനങ്ങൾ, മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ ഖാദി വസ്ത്രങ്ങൾ നൽകി ആദരിക്കൽ എന്നിവ സംഘടിപ്പിക്കും.
6ന് രാവിലെ 9ന് കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിൽ ഇന്ത്യൻ കൗൺസിൽ ഒഫ് ഗാന്ധിയൻ സ്റ്റഡീസ് ചെയർമാൻ ഡോ.എസ്. രാധാകൃഷ്ണൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ സംഘാടക സമിതി ചെയർമാൻ പി. ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷത വഹിക്കും. സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ. രാജൻ ബാബു ആമുഖ പ്രഭാഷണം നടത്തും. കേരള ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ.എൻ. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.
സംഘാടക സമിതി ചെയർമാൻ വി.പി. ജയപ്രകാശ് മേനോൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ബി. ശിവൻ എന്നിവർ പ്രസംഗിക്കും. സംഘാടകസമിതി കൺവീനർ വി. വിജയകുമാർ സ്വാഗതവും സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ നന്ദിയും പറയും. തുടർന്ന് ഡോ.ആർ. ജയകുമാർ നയിക്കുന്ന പ്രകൃതിജീവന ക്യാമ്പ്. ഭേഷജം പ്രസന്നകുമാർ തയ്യാറാക്കുന്ന പ്രകൃതിഭക്ഷണം ക്യാമ്പിൽ നൽകും. പ്രകൃതിഭക്ഷണം വീട്ടിൽ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും ഇതോടൊപ്പം നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9446304170 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പി. ചന്ദ്രശേഖരപിള്ള, വി.പി. ജയപ്രകാശ് മേനോൻ, വി. വിജയകുമാർ, ചന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു.