photo

പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ദ്വിദിന ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ദ്വിദിന ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മാനേജർ ഓമനാ ശ്രീറാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കോട്ടാത്തല ശ്രീകുമാർ, വാർഡ് മെമ്പർ അനീഷ് പാങ്ങോട്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഐ.ജ്യോതിലക്ഷ്മി, പി.ടി.എ പ്രസിഡന്റ് കെ. മുരളീധരൻ, മാതൃസമിതി പ്രസിഡന്റ് എസ്.ജി. സിന്ധു, വാളണ്ടിയർ സെക്രട്ടറി വിഷ്ണുരാജ് എന്നിവർ സംസാരിച്ചു. മാറുന്ന സംസ്കാരവും കുട്ടികളും എന്ന വിഷയത്തിൽ അനിതാ ദിവോദയം, നാടൻ പാട്ടും സംസ്കൃതിയും എന്ന വിഷയത്തിൽ അബു പാലാഴി, എൻ.എസ്.എസും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ ഡോ.പി. രജനി എന്നിവർ ക്ലാസുകൾ നയിച്ചു. പി.നിസാം, അജീഷ് കൃഷ്ണ എന്നിവർ നയിച്ച ഗാനവിരുന്നും പൂന്തോട്ടം ഒരുക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയും ഉണ്ടായിരുന്നു.

ക്യാമ്പിന്റെ ഭാഗമായുള്ള ശ്രേഷ്ഠബാല്യം പദ്ധതിക്കായി പുത്തൂർ ഓട്ടിസം സെന്ററിനെ ഏറ്റെടുത്തു. ഓട്ടിസം സെന്ററിന്റെ ചുവരുകൾ ചിത്രമെഴുതിയും പെയിന്റിംഗ് നടത്തിയും പരിസരം ശുചീകരിച്ചും പൂന്തോട്ടമൊരുക്കിയും പദ്ധതിക്ക് തുടക്കമിട്ടു. കുട്ടികൾക്ക് കളിക്കോപ്പുകളുടെ വിതരണം ഉൾപ്പടെയുള്ള അനുബന്ധ പ്രവർത്തനങ്ങളും ഒക്ടോബർ 5ന് മുൻപ് നടക്കും. എൻ.എസ്.എസിന്റെ 50ാം വാർഷികാഘോഷം കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻമാരായ സാന്റോ സന്തോഷ്, ഡി. സുഭാഷ് ചന്ദ് എന്നിവർ സംസാരിച്ചു.