pala

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിലെ കായൽ തീരങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നഗരസഭ പുതിയ പദ്ധതികൾ നടപ്പാക്കുന്നു. ടി.എസ് കനാലിനോട് ചേർന്ന് കിടക്കുന്ന തീരപ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് വേനൽക്കാലത്ത് അനുഭവപ്പെടാറുള്ളത്. ഈ മേഖലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ആലുംകടവ്, എസ്.വി മാർക്കറ്റ് എന്നിവിടങ്ങളിൽ പുതിയ കുഴൽക്കിണറുകൾ സ്ഥാപിക്കും. രണ്ട് കേന്ദ്രങ്ങളിലും നിലവിലുണ്ടായിരുന്ന കിണറുകൾ പ്രവർത്തന രഹിതമാണ്. ഈ സാഹചര്യം മറികടക്കുന്നതിനാണ് പുതിയ പദ്ധതിയെന്ന് നഗസരസഭാ അധികൃതർ അറിയിച്ചു.

40 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിനാണ് നിർമ്മാണ ചുമതല. ആലുംകടവിൽ കുഴൽക്കിണർ നിർമ്മിക്കുന്നതായുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. നിലവിൽ നഗരസഭയ്ക്ക് മാത്രമായി പ്രത്യേക കുടിവെള്ള പദ്ധതികളില്ലാത്തതാണ് കുടിവെള്ള വിതരണത്തെ സാരമായി ബാധിച്ചിരുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുമ്പും കേരളകൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.

നിലവൽ വെള്ളം നൽകുന്നത് ഓച്ചിറ കുടിവെള്ള പദ്ധതി

ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നും താച്ചയിൽ ജംഗ്ഷനിലെ മദർ ടാങ്കിൽ ജലം സംഭരിച്ച് നിശ്ചിത സമയം ക്രമീകരിച്ച് ആലപ്പാട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്ക് പമ്പു ചെയ്യുകയാണ് നിലവിൽ ചെയ്യുന്നത്. ഇത് പലപ്പോഴും തീരമേഖലയിൽ കുടിവെള്ള ക്ഷാമത്തിന് കാരണമായിരുന്നു. ഇത് പരിഹരിക്കാൻ പദ്ധതികൾ വേണമെന്നത് ദീർഘനാളായുള്ള ആവശ്യമായിരുന്നു.കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഇതിനായി ലക്ഷങ്ങൾ മുടക്കി കോഴിക്കോട് പത്മനാഭൻ ജെട്ടിക്ക് സമീപം പുതിയ പദ്ധതി സ്ഥാപിച്ചെങ്കിലും ഒരു ദിവസം മാത്രമാണ് ഇത് പ്രവർത്തിച്ചത്.

..............................................................

ആലുംകടവ്, എസ്.വി മാർക്കറ്റ് എന്നിവടങ്ങളിലെ കുഴൽക്കിണറുകൾ പ്രവർത്തന രഹിതമാണ്. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കാൻ നഗരസഭ തീരുമാനിച്ചത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ തീരമേഖലയിൽ അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും

എം. ശോഭന നഗരസഭാ ചെയർപേഴ്സൺ

ചെലവ്: 40 ലക്ഷം

കുഴൽക്കിണറുകൾ : 2

01. ആലുംകടവ്

02. എസ്.വി മാർക്കറ്റ്