paravur
പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സ്കൂളിൽ ഒരു രക്ഷിതാവ് പദ്ധതിയുടെ ഉദ്‌ഘാടനം പി.ടി.എ പ്രസിഡന്റ് ജെ. ശ്രീകുമാർ നിർവഹിക്കുന്നു

പരവൂർ: പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'സ്കൂളിൽ ഒരു രക്ഷിതാവ്' പദ്ധതിക്ക് തുടക്കമായി. പദ്ധതി പ്രകാരം 300 കുട്ടികളെ 27 ഗ്രൂപ്പുകളാക്കി 27 അദ്ധ്യാപകർക്ക് ചുമതല നൽകി. ഈ അദ്ധ്യാപകർ ഗ്രൂപ്പിലെ കുട്ടികളുടെ സ്കൂളിലെ രക്ഷിതാവായി പ്രവർത്തിക്കും. ഓരോ ഗ്രൂപ്പിലെയും രക്ഷാകർത്താക്കളുടെ കോർണർ മീറ്റിംഗുകൾ, ഗൃഹസന്ദർശന പരിപാടികൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടക്കും. 65 കുട്ടികളുടെ ചുമതലയുള്ള ക്ലാസ് അദ്ധ്യാപകന് കുട്ടികളെ വ്യക്തിപരമായി ശ്രദ്ധിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് 10 - 11 കുട്ടികളുടെ ചുമതലയുള്ള അദ്ധ്യാപകന് മറികടക്കാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ മികവ്. കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്ന രണ്ടാമത്തെ സ്കൂളാണ് പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ.
പദ്ധതിയുടെ ഉദ്‌ഘാടനം പി.ടി.എ പ്രസിഡന്റ് ജെ. ശ്രീകുമാർ നിർവഹിച്ചു. പ്രിൻസിപ്പൽ എച്ച്. രവി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ. പ്രകാശ്, എസ്.എം.സി ചെയർമാൻ ഡി. ജോയ്, മദർ പി.ടി.എ പ്രസിഡന്റ് എസ്.എൻ. ഷൈല, പേരന്റ് അറ്റ് സ്കൂൾ പദ്ധതി കോ ഓർഡിനേറ്റർ ഡോ. ആർ. രതീഷ്‌കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്. ഷൈനി എന്നിവർ സംസാരിച്ചു.