കൊല്ലം: കൊല്ലത്തെ മാതൃകാ ജില്ലയാക്കാനുള്ള സേഫ് കൊല്ലം പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാവിലെ 8.30ന് ബീച്ചിന് സമീപത്തെ റോട്ടറി ഹാളിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും.ജില്ലാ ഭരണകൂടം ആഴ്ചതോറും പദ്ധതി അവലോകനം ചെയ്യും.
ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ, മേയർ വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ എ.ഡി.എം പി.ആർ. ഗോപാലകൃഷ്ണൻ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി. സുധാകരൻ എന്നിവർ വാർത്താസമ്മേളനത്തിലാണ് പദ്ധതി വിശദീകരിച്ചത്.
പങ്കാളികൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് തലത്തിലുള്ള ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ, ക്ലബ്ബുകൾ, ലൈബ്രറികൾ, ഉദ്യോഗസ്ഥർ, പൊലീസ്, എക്‌സൈസ്, എൻ.സി.സി തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി രൂപീകരിക്കുന്ന ചെറുസമിതികൾ വഴിയാണ് ബോധവത്കരണം.
പ്രവർത്തനം
സമിതി അംഗങ്ങൾ വീടുവീടാന്തരം കയറി ബോധവൽകരണം നടത്തും. ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും
സ്കൂളുകളിൽ ക്ലാസുകൾക്ക് തടസം വരാത്ത തരത്തിൽ ബോധവത്കരണം സംഘടിപ്പിക്കും. സ്‌കൂൾ, കോളേജ് തലങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. വാർഡ് തലത്തിലെ പ്രവർത്തനത്തിലൂടെ ആറ് മാസത്തിനുളളിൽ ജനസംഖ്യയുടെ 20 ശതമാനം പേരെ പദ്ധതിയുടെ ഭാഗമാക്കും. തുടർപ്രവർത്തനത്തിലൂടെ മുഴുവൻ ജനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കി മാതൃകാ ജില്ലയാക്കുകാണ് ലക്ഷ്യം.
സേഫ് കൊല്ലം പദ്ധതി ഇങ്ങനെ
പ്രകൃതി സുരക്ഷ
ജനങ്ങളിൽ ശുചിത്വ സന്ദേശം എത്തിക്കൽ, ജില്ലയെ മേഖലകളായി തിരിച്ച് ശുചീകരണം, മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി
റോഡ് സുരക്ഷ
ആരോഗ്യകരമായ റോഡ് സംസ്കാരം രൂപ്പെടുത്തൽ, ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, ലൈസൻസ് എന്നിവ സംബന്ധിച്ച ബോധവത്കരണം, ഗതാഗത നിയമലംഘനങ്ങൾക്കെതിരെ നടപടി, റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള ഇടപെടൽ
ഭക്ഷ്യസുരക്ഷ
ജൈവപച്ചക്കറി കൃഷി വ്യാപനം, വിഷരഹിതമായ ഭക്ഷണം സംബന്ധിച്ച് ബോധവത്കരണം, ഹോട്ടലുകളിലും മറ്റ് ഭക്ഷ്യപദാർത്ഥങ്ങളുടെ വില്പന കേന്ദ്രങ്ങളിലും പരിശോധന
ജലസുരക്ഷ
മഴക്കുഴികൾ, കിണർ റീചാർജ്ജിംഗ്, മഴവെള്ള സംഭരണം എന്നിവ നടപ്പാക്കൽ, ജലാശയങ്ങളുടെ സംരക്ഷണം, ജലത്തിന്റെ ഉപയോഗവും മലിനീകരണവും സംബന്ധിച്ച് ബോധവത്കരണം
കുട്ടികളുടെ സുരക്ഷ
കുട്ടികൾക്കിടയിലെ അനാരോഗ്യ പ്രവണതകൾ, സുരക്ഷ എന്നിവയെപ്പറ്റി ബോധവത്കരണം, കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഇടപെടലുകൾ