2
എഴുകോൺ പൊലീസ് സ്റ്റേഷൻ

കെട്ടിടത്തിന് പതിറ്റാണ്ടുകൾ പഴക്കം അറ്റകുറ്റപ്പണി നാമമാത്രമായി

പൊലീസ് സ്റ്റേഷൻ പരിസരം കാടുമൂടി ഇഴജന്തുക്കൾ പെരുകുന്നു

എഴുകോൺ: വർഷങ്ങൾ പിന്നിട്ടിട്ടും എഴുകോൺ പൊലീസ് സ്റ്റേഷന് കൈമുതൽ അപര്യാപ്തകൾ മാത്രം. പതിറ്റാണ്ടുകൾ പഴക്കമുള്ള വീട്ടിലാണ് നിലവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 2005ൽ സ്റ്റേഷൻ ഇങ്ങോട്ട് മാറിയ ശേഷം വല്ലപ്പോഴും നടത്തുന്ന പെയിന്റിംഗ് അല്ലാതെ കാര്യമായ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. പഴയ രീതിയിലുള്ള വീടായതിനാൽ മുറികൾ എല്ലാം ഇടുങ്ങിയതും വെളിച്ചം കടക്കാത്തതുമാണ്. ജീവനക്കാർക്ക് നിന്ന് തിരിയാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്.

വനിതാ പൊലീസുകാർക്ക് ആവശ്യമായ വിശ്രമമുറിയോ പ്രത്യേക ശുചിമുറിയോ ഒരുക്കാനും ഇതുവരെ സാധിച്ചിട്ടില്ല. കെട്ടിടം സ്ഥിതി ചെയ്യുന്നത് അൽപ്പം ഉയരത്തിലായതിനാൽ പ്രായം ചെന്നവർക്ക് ഇവിടേക്ക് കയറിച്ചെല്ലുന്നതിനും പ്രയാസമാണ്. സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്കായി പ്രത്യേക വിശ്രമമുറി വേണമെന്നിരിക്കെ ഇവിടെ താത്കാലികമായി നിർമ്മിച്ച ഒരു ഷെഡ് മാത്രമാണ് ഉള്ളത്. പരാതിയുമായി വരുന്നർക്ക്‌ പ്രാഥമികകൃത്യം നിർവഹിക്കാൻ പോലും സൗകര്യമില്ല.

സ്റ്റേഷൻ പരിസരം കാടുപിടിച്ച് കിടക്കുന്നതിനാൽ മരപ്പട്ടിയും ഇഴജന്തുകളും താവളമാക്കികഴിഞ്ഞു. രാത്രി കാലങ്ങളിൽ ചെള്ള് ശല്യവും രൂക്ഷമാണ്. തൊണ്ടി മുതലായ വാഹനങ്ങൾ പലതും തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്.

സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ ഇത്തരത്തിൽ കിടക്കുന്നത് ഇഴജന്തുക്കൾ അനുഗ്രഹമായിരിക്കുകയാണ്.

കെട്ടിടനിർമ്മാണം ഉടൻ ഉണ്ടാകുമോ?

മാസങ്ങൾക്ക് മുമ്പ് പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കാൻ കല്ലട ജലവിതരണ പദ്ധതിയുടെ സ്ഥലം കണ്ടെത്തിയിരുന്നു. കെ.ഐ.പിയുടെ നിരാക്ഷേപസാക്ഷ്യപത്രം (എൻ.ഒ.സി) ലഭിക്കുന്ന മുറയ്ക്ക് കെട്ടിടം പണി ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. 9 വനിതാ പൊലീസുകാർ ഉൾപ്പടെ 44 ജീവനക്കാരാണ് സ്റ്റേഷനിൽ ജോലി ചെയ്യുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി സ്വന്തം കെട്ടിടത്തിലേക്ക് സ്റ്റേഷൻ മാറ്റി സ്ഥാപിക്കാൻ തയാറാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

ഉദ്യോഗസ്ഥന്റെ മുകളിലേക്ക് പാമ്പ് വീണു

സ്റ്റേഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥന് മുകളിലേക്ക് പാമ്പ് വീണതോടെ ഉദ്യോഗസ്ഥർ കടുത്ത ആശങ്കയിലാണ്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് സംഭവം.

കെട്ടിടത്തിന്റെ ഓടിന്റെ ഇടയിൽ നിന്നും എലിയെ പിടിക്കുന്നതിനിടയിലാണ് പാമ്പ് റൈറ്റർ അലക്‌സിന്റെ സമീപത്തേക്ക് വീണത്. പാമ്പിനെ കണ്ട് സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാർ പെട്ടന്ന് പുറത്തേക്ക് ഇറങ്ങി. തുടർന്ന് ചന്ദനത്തോപ്പിൽ നിന്നുള്ള പാമ്പ് പിടിത്തക്കാരനെത്തിയാണ് വിഷമില്ലാത്ത പാമ്പിനെ പിടികൂടിയത്.