കൊല്ലം: വഴി നടക്കാൻ പോലും കഴിയാതെ തകർന്നുകിടക്കുന്ന മുണ്ടയ്‌ക്കലിലെ റോഡുകൾ അടിയന്തരമായി പുനർനിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കുറ്റകരമായ അനാസ്ഥയാണ് റോഡിന്റെ പുനർനിർമ്മാണം വൈകിപ്പിച്ചതെന്ന ഗുരുതരമായ ആരോപണവും കക്ഷി ഭേദമന്യേ നാട്ടുകാർ ഉയർത്തുകയാണ്.
ദിവസവും നിരവധി യാത്രികർക്കാണ് റോഡിലെ പാതാളക്കുഴികളിൽ വീണ് പരിക്കേൽക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ റോഡുകൾ ഇത്രത്തോളം തകർന്നുകിടക്കുന്ന മറ്റൊരു പ്രദേശവും നഗരത്തിൽ കാണില്ലെന്നാണ് മുണ്ടയ്ക്കൽ നിവാസികൾ പറയുന്നത്. ജനങ്ങളെന്ത് പറഞ്ഞാലും ഉടനെയൊന്നും റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കില്ലെന്ന നിലപാടിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
മുണ്ടയ്ക്കലെ തകർന്ന റോഡുകൾ
തുമ്പറ മാർക്കറ്റ് - മുണ്ടയ്‌ക്കൽ പാലം റോഡ്
സ്നേഹ ലോഡ്‌ജ് - തുമ്പറ മാർക്കറ്റ് റോഡ്
മിൾട്ടൺ പ്രസ് - ജോസ് ആർട്സ് റോഡ്
കമ്മിഷണർ ഓഫീസ് - എച്ച് ആൻഡ് സി റോഡ്
ഡി.സി.സി ഓഫീസ് - ലയൺസ് ക്ലബ് റോഡ്
തകർന്ന റോഡിലൂടെ നിരന്തരം ഓട്ടോ റിക്ഷ ഓടിക്കുന്നതിനാൽ എന്നും നടുവേദനയാണ്. ഓട്ടോയും തകരാറിലായി. ബൈക്കിൽ പോകുന്ന ഒരുപാട് പേർ മറിഞ്ഞ് വീണിട്ടുണ്ട്. മുണ്ടയ്ക്കലിലെ ഒരു റോഡ് രണ്ട് വർഷമായി തകർന്നുകിടക്കുകയാണ്. മറ്റ് റോഡുകളും പൂർണ്ണമായും നശിച്ചു. അധികൃതർ അനാസ്ഥ ഉപേക്ഷിക്കണം.
കെ. ഗോപാലകൃഷ്‌ണൻ
തുമ്പറ മാർക്കറ്റിലെ ഓട്ടോ റിക്ഷാ ഡ്രൈവർ
...................................................................................................
മാസങ്ങളായി റോഡ് തകർന്നുകിടക്കുകയാണ്. നാട്ടുകാർ പലരും ഇതുവഴിയുള്ള യാത്ര ഉപേക്ഷിച്ചു. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വീഴ്‌ചയാണ് ഇതിന് കാരണം. റോഡിലെ കുഴിയിൽ വീണ് പലർക്കും അപകടം പറ്റുന്നുണ്ട്.
വി.ആർ. ഗോപാലകൃഷ്‌ണൻ
തുമ്പറ മാർക്കറ്റിന് സമീപത്തെ വ്യാപാരി
.......................................................................................................
റോഡ് തകർന്ന് കിടക്കുന്നതിനാൽ ബുദ്ധിമുട്ടുകയാണ്. വാഹനമെടുത്ത് റോഡിൽ ഇറങ്ങാൻ കഴിയില്ല. റോഡിലെ കുഴികളിൽ വീണ് ഒരുപാട് പേർക്ക് അപകടം പറ്റി. രാത്രിയിലാണ് പലരും റോഡിൽ മറിഞ്ഞുവീഴുന്നത്. തെരുവ് വിളക്കുകൾ ഇല്ലാത്തതും ഒരു പ്രശ്നമാണ്. ഇതെല്ലാം ഇവിടിപ്പോൾ പതിവാണ്.
പി. സത്യവൃതൻ
അശ്വതി, മുണ്ടയ്‌ക്കൽ വെസ്റ്റ്
........................................................................................................
റോഡ് മുഴുവൻ വലിയ കുഴികളാണ്. മൂന്ന് പ്രാവശ്യമാണ് എന്റെ ബൈക്ക് കേടായത്. മുണ്ടയ്‌ക്കലിലെ എല്ലാ വഴികളും ഇങ്ങനെ തകർന്ന് കിടക്കുകയാണ്. നന്നാക്കാമെന്ന് പറയുന്നതല്ലാതെ ബന്ധപ്പെട്ടവർ ഉത്തരവാദിത്വം കാണിക്കുന്നില്ല.
എം.ആർ. രഞ്‌ജിത്ത്
മുണ്ടയ്‌ക്കൽ ഈസ്റ്റ്
........................................................................................
വലിയ ബുദ്ധിമുട്ടാണ്. കാറോ ബൈക്കോ റോഡിൽ ഇറക്കിയാൽ തകരാറിലാകും. പ്രായമായ അമ്മയുമായി ഈ റോഡിൽ കൂടി ബൈക്കിൽ പോകാൻ കഴിയില്ല. രാത്രിയിൽ വെളിച്ചവും ഇല്ല. സാധാരണക്കാർ സഞ്ചരിക്കുന്ന വഴി നന്നാക്കാത്തതിന് ഉത്തരവാദിത്വപ്പെട്ടവർ ഓരോ കാരണങ്ങൾ പറയുകയാണ്. അധികൃതരുടെ വീഴ്‌ച മാത്രമാണ് ഇതിന് കാരണം.
പ്രഭുകുമാർ
കോകികലം
മുണ്ടയ്‌ക്കൽ വെസ്റ്റ്