dam
തെന്മല പരപ്പാർ അണക്കെട്ടിൽ ജല നിരപ്പ് ഉയർന്നപ്പോൾ മൂന്ന് ഷട്ടറുകളും കൂടുതൽ ഉയർത്തി വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കുന്നു

ഒരു ജനറേറ്റർ പ്രവർത്തന രഹിതം വൈദ്യുതി ഉൽപ്പാദനം കാര്യക്ഷമമല്ല

പുനലൂർ: മഴ ശക്തമായതോടെ തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 157.82 മീറ്റർ പൂർണ്ണ സംഭരണശേഷിയുളള അണക്കെട്ടിൽ 133.82 മീറ്റർ ജലനിരപ്പാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ മൂന്ന് ഷട്ടറുകളും 30 സെന്റി മീറ്റർ വീതം ഉയർത്തി വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കുകയാണ്. ഉയർന്ന ജലനിരപ്പ് കണക്കിലെടുത്തി ആഗസ്റ്റിലും ഷട്ടറുകൾ 8സെന്റീ മീറ്റർ വീതം ഉയർത്തിയിരുന്നു.

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്തമഴയാണ് ദിവസങ്ങളായി പെയ്യുന്നത്. ഇതോടെ അണക്കെട്ടിന്റെ പോഷക നദികളായ ശെന്തുരുണി, കഴുതുരുട്ടി, കുളത്തൂപ്പുഴ എന്നിവ നിറഞ്ഞ് ഒഴുകുകയാണ്. ഇതാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ കാരണം.

എന്നാൽ ജലനിരപ്പ് വർദ്ധിച്ചിട്ടും വൈദ്യുതി ഉൽപ്പാദനം ഉയർത്താൻ സാധിച്ചിട്ടില്ല. അണക്കെട്ടിനോട് ചേർന്ന് പ്രവർത്തികുന്ന പവർ ഹൗസിലെ ജനറേറ്ററുകളിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതാണ് വൈദ്യുതി ഉൽപ്പാനത്തെ പിന്നോട്ടടിക്കുന്നത്. രണ്ടാമത്തെ ജനറേറ്റർ തകരാറിലായി ആറ് മാസം പിന്നിട്ടു. ഇതിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഇനിയും സാധിച്ചിട്ടില്ല. ഇതോടെ പൂർണ വൈദ്യുതി ഉൽപ്പാദനം നടത്താൻ സാധിക്കാതെ ജലം കല്ലടയാറ്റിലേക്ക് തുറന്ന് വിടുകയാണ് അധികൃതർ ചെയ്യുന്നത്.

പഴയ ഉൽപ്പാദനം 15 മെഗാവാട്ട്

രണ്ട് ജനറേറ്ററുകൾ വഴി ദിവസവും 15 മെഗാവാൾട്ട് വൈദ്യുതിയായിരുന്നു നേരത്തെ ഉൽപ്പാദിപ്പിച്ചിരുന്നത്. ഇപ്പോൾ ഒരു ജനറേറ്ററർ വഴി ഇതിന്റെ പകുതി പോലും ഉൽപ്പാദനം നടക്കുന്നില്ല. സാധാരണ നിലയിൽ മഴക്കാലത്താണ് അണക്കെട്ടിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണ ഇത് ഗണ്യമായി കുറഞ്ഞിരിക്കുകയാണ് തുലാവർഷം ആരംഭിക്കുന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരും. അപ്പോൾ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരും.

സംഭരണ ശേഷി: 157.82 മീറ്റർ

ഇന്നലത്തെ ജലനിരപ്പ്: 133.82

ജനറേറ്ററുകൾ: 2

പ്രവർത്തിക്കുന്നത്: 1