jobin
എക്സൈസ് പിടിച്ചെടുത്ത വ്യാജ വിദേശമദ്യം

കൊല്ലം: കരുനാഗപ്പള്ളിയിൽ 82 കുപ്പി വ്യാജ വിദേശമദ്യവുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. കരുനാഗപ്പള്ളി കൊല്ലക വടക്കുപുറത്തു വീട്ടിൽ ജോബിൻ ജെ. തോമസ്(25), കൊല്ലക കനക ഭവനം വീട്ടിൽ അഖിൽ കനകൻ (24) എന്നിവരാണ് പിടിയിലായത്.

കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് വ്യാജമദ്യ വില്പന വ്യാപകമായതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ലാലാജി ജംഗ്ഷനു സമീപം രണ്ടു ആഡംബര കാറുകൾ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. ഈ കാറുകളിൽ നിന്നാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. തുടർന്ന് കാറിലുണ്ടായിരുന്ന ജോബിനെയും അഖിലിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

രണ്ടുദിവസം മുമ്പ് ഇരുവരും ഉൾപ്പെട്ട ആറംഗസംഘം മാഹിയിൽ പോയി രണ്ടു കാറുകളിലായി മദ്യം കടത്തിക്കൊണ്ടുവരികയായിരുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഒരുലക്ഷം രൂപയിലധികം രൂപ ചെലവിലാണ് മദ്യം വാങ്ങിയത്. ഇതിൽ വലിയൊരു പങ്കും വിറ്റഴിച്ചു. ബാക്കി മദ്യമാണ് പിടിച്ചെടുത്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിലെ മറ്റ് നാലുപേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപ്, പ്രിവന്റീവ് ഓഫീസർ ശ്യാം കുമാർ, ഷാഡോ ഉദ്യോഗസ്ഥരായ വിജു, ശ്യാംകുമാർ, സജീവ്കുമാർ, ജിനു തങ്കച്ചൻ, വിനീഷ്, പ്രഭകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.