പാലം വഴി നടക്കാൻ ഭയന്ന് യാത്രക്കാർ
പൊലീസും എക്സൈസും തിരിഞ്ഞുനോക്കുന്നില്ല
കൊല്ലം: പെരുമൺ പാലം കഞ്ചാവ് മാഫിയ അടക്കമുള്ള സാമൂഹ്യവിരുദ്ധ സംഘം താവളമാക്കി മാറ്രുന്നതായി പരാതി. രാപ്പകലില്ലാതെ പാലത്തിൽ തമ്പടിക്കുന്ന ഇത്തരം സംഘങ്ങളെ ഭയന്ന് പാലത്തിലൂടെ യാത്ര ചെയ്യാൻ കാൽനട യാത്രക്കാർ ഭയക്കുകയാണ്.
കായലിൽ ചൂണ്ടയിടുന്നുവെന്ന വ്യാജേനയാണ് കഞ്ചാവ് സംഘങ്ങൾ പാലത്തിൽ തമ്പടിക്കുന്നത്. രാത്രി കാലങ്ങളിൽ പോലും കുറഞ്ഞത് 30 യുവാക്കളെങ്കിലും പാലത്തിലും പരിസര പ്രദേശങ്ങളിലും ഉണ്ടാകും. ഇവരിൽ ഭൂരിഭാഗവും ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തുന്നവരാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കൊണ്ടുവരുന്നവർ പാലം കേന്ദ്രീകരിച്ച് ചില്ലറ വില്പനക്കാർക്ക് കൈമാറുന്നതായി പ്രദേശവാസികൾ പറയുന്നു.
പകൽ സമയത്ത് പോലും സ്ത്രീകളും കുട്ടികളും ഏറെ ഭയന്നാണ് ഇതുവഴി യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം പാലത്തിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മാല അജ്ഞാതൻ പൊട്ടിക്കാൻ ശ്രമിച്ച ശേഷം കായലിലേക്ക് ചാടിയിരുന്നു. രണ്ട് ദിവസം മുമ്പ് പാലത്തിലെ നടപ്പാതയിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയിരുന്നു. പാലത്തിൽ തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങളാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
പൊലീസിനെ കണ്ടാൽ കായലിൽ ചാടുമത്രേ..
പെരുമൺ പാലം അഞ്ചാലുംമൂട്, ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയിലാണ്. തങ്ങളെ കണ്ടാൽ പാലത്തിൽ തമ്പടിക്കുന്ന യുവാക്കൾ കായലിലേക്ക് ചാടുമെന്ന് ഭയന്ന് രണ്ട് സ്റ്റേഷനുകളിലെ പൊലീസുകാരും ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല. നാട്ടുകാർ പലതവണ പരാതിപ്പെട്ടെങ്കിലും എക്സൈസും ഈ ഭാഗത്ത് പരിശോധന നടത്താൻ തയ്യാറാകുന്നില്ല.