കുന്നത്തൂർ: ഭർത്താവിനെയും പത്ത് വയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് മുങ്ങിയ യുവതിയും കാമുകനും അറസ്റ്റിൽ. ശൂരനാട് വടക്ക് തെക്കേമുറിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുപ്പതുകാരിയും കാമുകൻ കോഴിക്കോട്ട് ഹോട്ടൽ ജീവനക്കാരനായ തെക്കേമുറി പുഷ്പമംഗലം വീട്ടിൽ സജിത്തുമാണ് (28) ശൂരനാട് പൊലീസിന്റെ പിടിയിലായത്. ഏറെ നാളായി രാഖിയും സജിത്തും തമ്മിൽ പ്രണയത്തിലായിരുന്നു. ഭർത്താവും വീട്ടുകാരും ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. ഇതിനിടെ കഴിഞ്ഞ 29 ന് കുട്ടിയെ ഹോട്ടൽ തൊഴിലാളിയായ ഭർത്താവിന്റെ വീട്ടുപരിസരത്ത് ഉപേക്ഷിച്ച ശേഷമാണ് ഇരുവരും മുങ്ങിയത്. ശൂരനാട് പൊലീസ് സ്‌റ്റേഷനിൽ ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തി വരുന്നതിനിടയിൽ ഇന്നലെ ഉച്ചയോടെയാണ് ഇരുവരും പിടിയിലായത്.
ഒളിച്ചോടിയ ശേഷം വിവിധ സ്ഥലങ്ങളിൽ മാറി മാറി കഴിഞ്ഞു വരികയായിരുന്നു ഇവർ. ഭർത്താവ് സ്വീകരിക്കാൻ തയ്യാറായിരുന്നെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന് ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശൂരനാട് സി.ഐ വി. ജയചന്ദ്രൻ പിള്ള, എസ്.ഐ ശ്രീജിത്ത്, സി.പി.ഒ വിനയൻ,ഡബ്ല്യൂ.സി.പി.ഒ ബീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.