കൊല്ലം: ''ഇതിഹാസങ്ങൾ ജനിക്കും മുമ്പേ, ഈശ്വരൻ ജനിക്കും മുമ്പേ..." 44 വർഷം മുമ്പ് ചുവന്ന സന്ധ്യകൾ എന്ന സിനിമയ്ക്ക് വേണ്ടി പി. ശ്രീകാന്ത് പാടി അനശ്വരമാക്കിയ ഗാനം ഇന്നലെ അദ്ദഹം തന്നെ വീണ്ടും പാടിയപ്പോൾ സോപാനം സരസ്വതി ഹാളിൽ തേൻമഴപോലെ ആ ഗാനം പെയ്തിറങ്ങി. ആ ശബ്ദസൗകുമാര്യത്തിൽ ലയിച്ച് സദസ് നിശ്ചലമായി. 'പ്രേമം... പ്രേമം.... പ്രേമം..." പ്രേമത്തെക്കുറിച്ച് വയലാർ എഴുതി ജി. ദേവരാജൻ മാസ്റ്റർ സംഗീതമേകിയ ആ ഗാനം ഇന്നും ആസ്വാദകഹൃദയങ്ങളെ തരളിതമാക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മുതിർന്ന സംഗീത പ്രേമികളുടെ കൂട്ടാായ്മയായ സൗണ്ട് ഓഫ് എൽഡേഴ്സിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് അവാർഡ് ഏറ്രുവാങ്ങാൻ എത്തിയതായിരുന്നു ശ്രീകാന്ത്. സംഗീതം അഭ്യസിക്കാതെ സിനിമാ ഗാനം ആലപിക്കാൻ 1974ൽ മദ്രാസിൽ ദേവരാജൻ മാസ്റ്ററുടെ മുന്നിൽ ഭയപ്പാടോടെ എത്തിയതും മാസ്റ്റർ ആ പാട്ട് തന്നെക്കൊണ്ട് പാടിച്ച് അനശ്വരമാക്കിയതും ശ്രീകാന്ത് അനുസ്മരിച്ചു.
വാർഷികാഘോഷം മുൻ മന്ത്രി സി.വി. പദ്മരാജൻ ഉദ്ഘാടനം ചെയ്തു. പ്രായമായ മനസുകളെപ്പോലും യുവത്വത്തിലേക്കെത്തിക്കാൻ സംഗീതത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മേയർ വി. രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ജി. മോഹൻദാസ് അനുഗ്രഹപ്രഭാഷണം നടത്തി.
മുതിർന്ന സംഗീതജ്ഞരും ഗായകരുമായ ഉമയനല്ലൂർ ഗോവിന്ദരാജ് ഭാഗവതർ, കെ.പി.എ.സി പങ്കജാക്ഷൻ, മുഖത്തല എസ്. തുളസീധരൻ, മീരാഭായി, എൽ.എഫ്. ക്രിസ്റ്റഫർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് എസ്. രാജേന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം.എസ്. മോഹനചന്ദ്രൻ, ജി. ജയപ്രകാശ്, ഷാർക്കി ലൂയിസ്, എൻ. സുന്ദരേശൻ, വി. മോഹനൻ, എം. രാമദാസ്, സി. വിമൽകുമാർ എന്നിവരും സംസാരിച്ചു.