കൊല്ലം: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻസ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ ഫിഷറീസ് കോളേജും, പോസ്റ്റ് ഗ്രാജ്യുവേറ്റ് റിസർച്ച് സെന്ററും ആരംഭിക്കാൻ കുണ്ടറയിൽ 10 ഏക്കർ സ്ഥലം അനുവദിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
കുണ്ടറ ടെക്‌നോപാർക്കിന് നേരത്തെ അനുവദിച്ച ഭൂമിയിൽ നിന്നാണ് 10 ഏക്കർ കൈമാറുന്നത്.
കൊച്ചി ആസ്ഥാനമായ ഫിഷറീസ് യൂണിവേഴ്‌സിറ്റിയുടെ എക്സ്റ്റൻഷൻ ആന്റ് ട്രെയിനിംഗ് സെന്ററായിരിക്കും. കോളേജ് ആരംഭിക്കുന്നതോടെ ജില്ലയിലെ ധാരാളം യുവതീയുവാക്കൾക്ക് ആധുനിക ഫിഷറീസ് കോഴ്‌സുകൾ പഠിക്കുന്നതിനും, റിസർച്ച് നടത്തുന്നതിനും അവസരം ലഭിക്കും.
ഈ സ്ഥലം അനുയോജ്യമാണെന്ന് ഫിഷറീസ് യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കായലിനോട് അടുത്തുകിടക്കുന്ന ഭൂമിയായതിനാൽ ഫിഷറീസ് യൂണിവേഴ്‌സിറ്റിയുടെ ധാരാളം കോഴ്‌സുകൾക്കുള്ള പഠനകേന്ദ്രമായി കോളേജിനെ മാറ്റാൻ കഴിയും. അഷ്ടമുടി കായലുമായി ബന്ധപ്പെട്ട് ഫിഷറീസ് മേഖലയിലെ ഗവേഷണ സാദ്ധ്യതകൾ പരമാവധി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.