e-n
ഇലവൂർക്കാവിന് സമീപമുള്ള വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിയ നിലയിൽ

കിഴക്കേക്കല്ലട: കനത്തമഴയിൽ താഴത്തുമുറിയിൽ ഇലവൂർക്കാവ് ക്ഷേത്രത്തിന് സമീപമുള്ള വീടുകൾക്ക് ചുറ്റും വെള്ളക്കെട്ടായി മാറി. കാളുതറ റോഡിന്റെ വശത്ത് അശാസ്ത്രീയമായി ഓട നിർമ്മിക്കുന്നതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

ചുറ്രും വെള്ളമായതോടെ പ്രദേശവാസികൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. സ്‌കൂളിൽ പോകുന്ന കുട്ടികളും വയോധികരുമുൾപ്പെടെ ദുരിതത്തിലാണ്.

അശാസ്ത്രീയ ഓട നിർമ്മാണത്തിനെതിരെ പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്. ഓട നിർമ്മാണത്തിലെ പോരായ്മകൾ പരിഹരിച്ച് വെള്ളക്കെട്ടൊഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.